ദിവസത്തിൽ ഒരു ലക്ഷം മുഖാവരണങ്ങൾ നിർമിച്ച് പേരാമ്പ്ര സുഭിക്ഷ; സെപ്റ്റംബർ ഒന്നുമുതൽ മുഖാവരണങ്ങൾ വിപണനത്തിന് എത്തും
പേരാമ്പ്ര: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ദിവസത്തിൽ ഒരു ലക്ഷം മുഖാവരണങ്ങൾ നിർമിച്ച് സുഭിക്ഷ. മൂന്നാംതരംഗം ഭീഷണി പരിഗണിച്ച് മൂന്നുമാസ കാലയളവിൽ സൗജന്യനിരക്കിൽ മുഖാവരണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് സുഭിക്ഷ ചെയർമാൻ എം. കുഞ്ഞമ്മദ്, ഡയറക്ടർമാരായ ലിജി അമ്പാളി, ടി.ഇ. പ്രമീള എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. യന്ത്രസഹായത്തോടെയാണ് ഉത്പാദനം.
സെപ്റ്റംബർ ഒന്നുമുതൽ മുഖാവരണങ്ങൾ വിപണനത്തിന് എത്തിക്കും. സുഭിക്ഷ ഷെയർ ഹോൾഡേഴ്‌സ് ഉൾപ്പെടുന്ന പേരാമ്പ്ര മണ്ഡലത്തിലെ 10 ഗ്രാമപ്പഞ്ചായത്തുകളിലും കായണ്ണ പഞ്ചായത്തിലും സൗജന്യനിരക്കിൽ രണ്ടുരൂപയ്ക്ക് മുഖാവരണം നൽകും.
അഞ്ചുരൂപയാണ് സർക്കാർ നിശ്ചയിച്ച നിരക്ക്. ചാലിക്കരയിലെ സുഭിക്ഷ ഹെഡ് ഓഫീസ്, പേരാമ്പ്ര അലങ്കാർ ആർക്കെഡിലെ സെപ്ഷൽ്യ സ്റ്റാൾ, സുഭിക്ഷ എടവരാട് ഓയിൽമിൽ യൂണിറ്റ്, ചെറുവണ്ണൂർ വെർജിൻ ഓയിൽ യൂണിറ്റ്, കടിയങ്ങാട് ഡീ ഫൈബറിങ് യൂണിറ്റ് എന്നിവിടങ്ങളിൽ മുഖാവരണം ലഭ്യമാകും.
ഒരു കുടുംബത്തിന് 150 മുഖാവരണങ്ങളേ ഒരു മാസം സൗജന്യ നിരക്കിൽ ലഭ്യമാകൂ. കൂടുതലായി ആവശ്യംവരുന്ന സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവർക്ക് പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവരുടെ കത്തിന്റെ അടിസ്ഥാനത്തിൽ നൽകും. ഫോൺ: 9946209005, 04962615186.