ദമാമില്‍ കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു


കോഴിക്കോട്: മലയാളി യുവതി സൗദി അറേബ്യയില്‍ കോവിഡ് മൂലം മരിച്ചു. കോഴിക്കോട് കാരപ്പുറം സ്വദേശിനി ആനന്ദ് ഗാര്‍ഡനില്‍ അശ്വതി മോഹന്‍ (35) ദമ്മാമിലാണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസം മുമ്പ് ദമ്മാം അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീട് ന്യുമോണിയയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.

ആരോഗ്യ നിലയില്‍ ഇടക്കു വെച്ച് അല്‍പ്പം പുരോഗതി വന്നിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. ഒടുവില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. ഭര്‍ത്താവ് ബിപിന്‍ എസ് നായര്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ഒരു സ്വകാര്യ കമ്പനിയില്‍ മാനേജര്‍ ആയി ജോലി ചെയ്തു വരുന്നു.

അച്ഛന്‍ സി.എ മോഹന്‍, അമ്മ പ്രേമ മോഹന്‍ എന്നിവര്‍ ചികിത്സയില്‍ കഴിയുന്ന മകളെ സന്ദര്‍ശിക്കുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ദമ്മാമില്‍ എത്തിയിരുന്നു. മൃതദേഹം നാട്ടിലെക്കയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. മൃതദേഹം നാട്ടില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നോര്‍ക്കയുമായി ബന്ധപ്പെട്ടു നടത്തി വരുന്നതായും നാസ് വക്കം അറിയിച്ചു.