തോണിക്കടവിനു പുതിയ മുഖം; ഫെബ്രുവരി ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും


കൂരാച്ചുണ്ട്: വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ തോണിക്കടവ് മുഖം മിനുക്കി ഉദ്ഘാടനത്തിന് തയ്യാറായി. തോണിക്കടവില്‍ നടപ്പാക്കിയ ടൂറിസം പദ്ധതി ഫെബ്രുവരി ഒന്‍പതിന് വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും. പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ തീരത്ത് ജലസേചനവിഭാഗത്തിന്റ സ്ഥലത്ത് ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.

ബോട്ടിങ് സെന്റര്‍, വാച്ച് ടവര്‍, കഫ്റ്റേരിയ, ആറ് റെയിന്‍ ഷെല്‍ട്ടറുകള്‍, ഓപ്പണ്‍ എയര്‍ ആംഫി തിയേറ്റര്‍, ശൗചാലയം, നടപ്പാതകള്‍, ടിക്കറ്റ് കൗണ്ടര്‍, ചുറ്റുമതില്‍ നിര്‍മാണം. തിയേറ്റര്‍ ഗ്രീന്‍ റൂം നിര്‍മാണം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍. രണ്ട് ഘട്ടങ്ങളിലായി 3.9 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെതാണ് ഫണ്ട്.

മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജില്ലാകലക്ടര്‍ സാംബശിവ റാവു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക