തോട്ടത്തിൽ രവീന്ദ്രന്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കടയില്‍ മോഷണം: കള്ളനെത്തിയത് പൂര്‍ണനഗ്നനായി


കോഴിക്കോട്: തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള ഡ്രൈ ക്ലീനിങ് കടയില്‍ മോഷണം. പൂര്‍ണനഗ്നനായാണ് മോഷ്ടാവ് എത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

യു.കെ.എസ് റോഡിലുള്ള വണ്ടര്‍ ക്ലീന്‍ എന്ന അലക്ക് സ്ഥാപനത്തില്‍ ബുധനാഴ്ച രാത്രി 11.37നായിരുന്നു സംഭവം. കടയുടെ പിറകുവശത്തെ ആസ്ബസ്റ്റോസ് ഷീറ്റ് പൊളിച്ചാണ് കള്ളന്‍ കയറിയത്.

ഗ്ലൗസ് ധരിച്ച ഇയാള്‍ ബാഗുമായാണെത്തിയത്. സി.സി.ടി.വി ക്യാമറ കണ്ടതോടെ മുഖത്ത് മാസ്‌ക് ധരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്ത് ഡ്രൈ ക്ലീനിങ്ങിനും മറ്റും എത്തിച്ച് ഉപഭോക്താക്കള്‍ തിരിച്ചുകൊണ്ടുപോകാത്ത ഒരു കെട്ട് വസ്ത്രങ്ങളാണ് മോഷണം പോയത്. പ്രധാനമുറിയുടെ പൂട്ട് തുറക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു.

ഈ കടയുടെ സമീപത്തുള്ള മര്‍ക്കന്റയിന്‍ എംപ്ലോയീസ് അസോസിയേഷന്റെ ഓഫീസായി പ്രവര്‍ത്തിക്കുന്ന ഇരുനില വീട്ടിലും കള്ളന്‍ കയറിയിരുന്നു.