തൊഴിൽ രഹിതരെ നോക്കുകുത്തികളാക്കി കേന്ദ്രം വിറ്റഴിക്കൽ തുടരും
ന്യൂഡൽഹി;
അഭ്യസ്തവിദ്യരെ പൂർണമായും ഇരുട്ടിലാക്കി പൊതു മേഖലയെ വിറ്റുതുലക്കാൻ തിടുക്കം കാണിക്കുകയാണ് കേന്ദ്ര സർക്കാർ. പൊതുമേഖല ഇല്ലാതാകുന്നതോടെ സംവരണം അപ്രസക്തമാകും.
സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരം നഷ്ടപ്പെടും, സ്വകാര്യവൽക്കരണ നടപടി ആരംഭിച്ചശേഷം റെയിൽവേ ജീവനക്കാരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറയ്ക്കപ്പെട്ടു.
ഒഴിവുകളിൽ നിയമനം നടത്തുന്നില്ല. 2016ൽ ഉണ്ടായിരുന്ന 2.17 ലക്ഷം ഒഴിവ് ഇപ്പോൾ മൂന്ന് ലക്ഷമായി. 10-15 വർഷമായി ജോലിചെയ്തിരുന്ന റെയിൽവേ പോർട്ടർമാരെ മുമ്പ് ഗ്രൂപ്പ് ഡി തസ്തികയിൽ സ്ഥിരപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ഡി തസ്തിക രണ്ടാം യുപിഎ സർക്കാർ ഇല്ലാതാക്കി.
കേന്ദ്രസർക്കാർ പൊതുമേഖലയെ പൂർണമായി ഉപേക്ഷിക്കുമ്പോൾ പൊലിയുന്നത് കോടിക്കണക്കിന് തൊഴിൽരഹിതരുടെ ജീവിതസ്വപ്നങ്ങൾ.
ബിസിനസ് നടത്തേണ്ടത് സർക്കാരിന്റെ ജോലിയല്ലെന്നും നാല് തന്ത്രപ്രധാന മേഖലയിൽ ഒഴികെ പൊതുമേഖലാ സ്ഥാപനം നിലനിർത്തില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നു. തന്ത്രപ്രധാന മേഖലകളിൽ തന്നെ ചുരുക്കം സ്ഥാപനം മാത്രമേ പൊതുമേഖലയിൽ ഉണ്ടാകൂ എന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
ബിഎസ്എൽഎല്ലിൽ ശേഷിക്കുന്നത് 69,000 ജീവനക്കാര്. 2019ൽ 1.61 ലക്ഷം ജീവനക്കാരുണ്ടായിരുന്നു. സ്വകാര്യമേഖലയിൽ സ്ഥിരം തൊഴിൽ സംവിധാനം ഇല്ലാതാക്കാനാണ് തൊഴിൽ കോഡുകൾ ഉന്നമിടുന്നത്. സ്ഥിരം തൊഴിൽ സമ്പ്രദായം നിക്ഷേപം ആകർഷിക്കുന്നതിനു തടസ്സമാണെന്ന് കേന്ദ്രം വാദിക്കുന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി റിപ്പോർട്ട് പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമാണ്. നഗരങ്ങളിൽ 7.3 ശതമാനവും ഗ്രാമങ്ങളിൽ 6.8 ശതമാനവുമാണ് തൊഴിലില്ലായ്മ.
കോവിഡ് കാലത്ത് രാജ്യത്ത് നഷ്ടപ്പെട്ടത് ഒന്നരക്കോടി സ്ഥിരം തൊഴിൽ. ഇതിൽ ഒരുകോടിയോളം പേർ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരാണ്.