തൊട്ടില്‍പാലത്ത് എക്‌സൈസ് ഉദ്യോഗസ്ഥരാണെന്ന് ചമഞ്ഞ് മദ്യവും പണവും തട്ടി; രണ്ടുപേര്‍ അറസ്റ്റില്‍


കുറ്റ്യാടി: തൊട്ടില്‍പാലത്തെ ബവ്‌റിജസില്‍നിന്നു മദ്യം വാങ്ങി പോകുന്നവരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആണെന്നു പറഞ്ഞ് തടഞ്ഞു നിര്‍ത്തി പണവും മദ്യവും തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കോഴിക്കോട് പുതിയറ ഫാത്തിമ മന്‍സില്‍ മക്ബൂല്‍ (50), അത്തോളി പൊങ്ങന്നൂര്‍ മീത്തലെ വീട്ടില്‍ ജെറീസ് (35) എന്നിവരെയാണ് നാദാപുരം ഡിവൈഎസ്പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡും തൊട്ടില്‍പാലം പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

കൈവേലി സ്വദേശികള്‍ വിദേശമദ്യ ഷോപ്പില്‍ നിന്നു മദ്യം വാങ്ങി പോകുമ്പോള്‍ പൂക്കാട് റോഡില്‍ ബൈക്കിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ആറ് ലീറ്റര്‍ മദ്യവും 5,300 രൂപയും തട്ടിയെടുത്തെന്നാണു പരാതി. സംശയം തോന്നി തട്ടിപ്പിനിരയായവര്‍ പൊലീസില്‍ പരാതി നല്‍കി.

തൊട്ടില്‍പാലം ഇന്‍സ്‌പെക്ടര്‍ എം.ടി.ജേക്കബിന്റെയും ഡിവൈഎസ്പിയുടെയും നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സദാനന്ദന്‍, കെ.ലതീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.സബീഷ്, കെ.പി.അനില്‍ കുമാര്‍ എന്നിവരും ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.