തെരഞ്ഞെടുപ്പിലെ പോരായ്മകൾ പരിശോധിക്കും; അന്വേഷണം വ്യക്തി കേന്ദ്രീകൃതമല്ല: എ. വിജയരാഘവൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മണ്ഡലങ്ങളിലെ പോരായ്മകൾ പരിശോധിക്കാൻ തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ചില പോരായ്മകൾ തിരഞ്ഞെടുപ്പിൽ സംഭവിച്ചു. അത്തരം കാര്യങ്ങളെ പാർട്ടി ഗൗരവത്തോടെയാണ് സമീപിക്കുന്നത്. ഘടകകക്ഷി നേതാക്കളായ ജോസ് കെ.മാണി, ശ്രേയാംസ് കുമാർ എന്നിവർ പരാജയപ്പെട്ടു. ജയിക്കേണ്ട ചില സ്ഥലങ്ങളിൽ സംഘടനാ പരിമിതി ഉണ്ടായി. ഇത്തരം കാര്യങ്ങൾ സൂക്ഷ്മ പരിശോധന നടത്തേണ്ടത് ആവശ്യമാണെന്നും എ.വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അമ്പലപ്പുഴയിലെ പ്രവർത്തനത്തിലെ പോരായ്മകളെക്കുറിച്ച് ലഭിച്ച പരാതികൾ സംസ്ഥാന കമ്മിറ്റി പരിശോധിക്കാൻ തീരുമാനിച്ചതായി വിജയരാഘവൻ പറഞ്ഞു. പരാതികളുടെ നിജസ്ഥിതി പരിശോധിക്കും, അല്ലാതെ വ്യക്തി കേന്ദ്രീകൃതമല്ല പരിശോധന. ഭാവിയിൽ സംഭവിക്കാതിരിക്കാനുള്ള തിരുത്തലുകൾക്കാണ് പരിശോധന. കുറ്റ്യാടി സീറ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ചോദ്യത്തിനു മറുപടിയായി എ.വിജയരാഘവൻ പറഞ്ഞു.
പാർട്ടി വിദ്യാഭ്യാസ പരിപാടികൾ വിപുലപ്പെടുത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. രാഷ്ട്രീയ, സംഘടനാ കുറവുകൾ തിരുത്തും. യുക്തിബോധവും ശാസ്ത്രബോധവും വളർത്താൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. സ്വർണക്കടത്തു കേസിൽ പാർട്ടി ഭാരവാഹികൾക്കു നേരെ ആരോപണം ഉയർന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ദുഷിച്ച പ്രവണതകൾ പാർട്ടിയിലേക്കു വരുന്നത് നേരത്തെ പരിശോധിച്ച പാർട്ടിയാണ് സിപിഎമ്മെന്ന് എ.വിജയരാഘവൻ പറഞ്ഞു. 2008ൽ എല്ലാ ബ്രാഞ്ചുകളും ജില്ലാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് റിപ്പോർട്ടു തയാറാക്കി ഏരിയ കമ്മിറ്റി തലത്തിൽ പരിശോധിച്ചു. ആ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി പരിശോധിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങളിൽ തിരുത്തലുകള്‍ വരുത്തി. അത് എല്ലാ വർഷവും ചെയ്യുന്നുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ 5 വർഷവും നടന്നു. അവസാനം കേന്ദ്രം നേരിട്ടു ഇടപെട്ടു തുടങ്ങി. കോൺഗ്രസും ബിജെപിയും അടക്കം എല്ലാവരും കൈകോർത്ത് തുടർഭരണം ഒഴിവാക്കാൻ ശ്രമിച്ചു. എന്നാൽ സമൂഹം സർക്കാരിനെ പിന്തുണച്ചു. അതാണ് തുടർഭരണത്തിലേക്കു നയിച്ചതെന്നും എ.വിജയരാഘവൻ പറഞ്ഞു.