തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ സമ്പത്തില്‍ വന്‍ വര്‍ധന


പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി. നേതാക്കളുടെ സമ്പത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി ബി.ജെ.പിയുടെ കള്ളപ്പണ ഇടപാടില്‍ പരാതി നല്‍കിയ ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസിന്റെ മൊഴി. പാലക്കാട് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയ്ക്ക് മുമ്പാകെ ഏഴ് ബി.ജെ.പി നേതാക്കളുടെ സമ്പത്ത് വന്‍തോതില്‍ വര്‍ധിച്ചതായാണ് മൊഴി നല്‍കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ കേരളത്തിലേക്ക് വന്‍തോതില്‍ ബി.ജെ.പി കളളപ്പണം ഒഴുക്കിയിട്ടുണ്ട്. 7 ബി.ജെ.പി. നേതാക്കളുടെ സാമ്പത്തിക വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്ന് ഐസക് വര്‍ഗീസ് പറഞ്ഞു.

ശോഭാ സുരേന്ദ്രന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഐസക് വര്‍ഗീസില്‍ നിന്നും മൊഴി എടുത്തത്. കൊടകര കള്ളപ്പണ കേസ്, സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര എന്നിവ സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി ഐസക് വര്‍ഗീസ് പറഞ്ഞു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ പണം കടത്തിയെന്ന് ഐസക് പരാതി നല്‍കിയിരുന്നു. റോഡിലെ പരിശോധന ഒഴിവാക്കാന്‍, പണം കടത്താന്‍ സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്നാണ് ഐസക് ആരോപിക്കുന്നത്.