തുഷാരഗിരിയും കക്കാവയലും പൂക്കോട് തടാകവും അവര്‍ കണ്ടു; താമരശ്ശേരിയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം സര്‍വ്വീസിന് തുടക്കമായി


താമരശ്ശേരി : കെ.എസ്.ആര്‍.ടി.സിയുടെ ഉല്ലാസ ബസ് യാത്രാ സര്‍വ്വീസിന് താമരശ്ശേരിയില്‍ തുടക്കമായി. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം സര്‍വ്വീസ്.

മലബാറിലെ പ്രധാന വിനോദ സസഞ്ചാരകേന്ദ്രങ്ങളായ തുഷാരഗിരി ഇക്കോടൂറിസം കേന്ദ്രവും കാക്കവയല്‍ വനപര്‍വവും താമരശ്ശേരിചുരം പാതയും കരിന്തണ്ടന്റെ ചങ്ങലമരവും വൈത്തിരിയിലെ പൂക്കോട് തടാകവുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ട ‘ആനവണ്ടി’യില്‍ സന്ദര്‍ശിക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലായിരുന്നു സഞ്ചാരികള്‍. വരുമാനവര്‍ധനയും ആഭ്യന്തര വിനോദസഞ്ചാരകേന്ദ്രവികസനവും ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സി. ആവിഷ്‌കരിച്ച പ്രത്യേക സര്‍വീസിന്റെ താമരശ്ശേരി ഡിപ്പോയില്‍ നിന്നാരംഭിച്ച ആദ്യയാത്രയാണ് സഞ്ചാരികളുടെ പങ്കാളിത്തംകൊണ്ടും വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായത്.

പൂക്കോട്-തുഷാരഗിരി- വനപര്‍വം ബജറ്റ് ടൂറിസം സര്‍വീസിന്റെ കന്നിയാത്രയ്ക്ക് രണ്ട് ബസ്സുകളിലേക്കായി 90 പേരാണ് എത്തിയത്. ജീവനക്കാരും കോ-ഓര്‍ഡിനേറ്റര്‍മാരും ഉള്‍പ്പെടെ 96 പേര്‍ യാത്രചെയ്തു. ഞായറാഴ്ച രാവിലെ 7.15-ന് ആരംഭിച്ച സര്‍വീസ് വിനോദസഞ്ചാരകേന്ദ്രങ്ങളിലെ സന്ദര്‍ശനത്തിനുശേഷം വൈകീട്ട് 6.40-ന് താമരശ്ശേരി ഡിപ്പോ പരിസരത്ത് തിരിച്ചെത്തി. ഭക്ഷണം അടക്കം 650 രൂപയാണ് യാത്രാ നിരക്ക്‌.

ബജറ്റ് ടൂറിസം സര്‍വീസിന്റെ കന്നിയാത്രയുടെ ഫ്‌ളാഗ് ഓഫ് താമരശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പരിസരത്തുനടന്ന ചടങ്ങില്‍ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി.ഇ. രഞ്ജിത്ത് നിര്‍വഹിച്ചു. യാത്രക്കാരെല്ലാം സന്തോഷത്തിലാണെന്നും അടുത്ത ഞായറാഴ്ചയ്ക്കുള്ള ബുക്കിങ് ആരംഭിച്ചതായും ഓഫീസര്‍ പറഞ്ഞു.

ജനറൽ കൺട്രോളിങ്‌ ഇൻസ്പെക്ടർ കെ ബൈജു അധ്യക്ഷനായി. ഇ എസ് ബിനു , കോ ഓർഡിനേഷൻ ടീം അംഗങ്ങളായ ടി വിനോദ് കുമാർ , പി കെ ബിന്ദു, സി കെ സുനിൽ, അനൂപ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്നുള്ള അവധി ദിനങ്ങളിൽ ബുക്കിങ്ങ് അനുസരിച്ച് പ്രത്യേക സർവീസും ആവശ്യമെങ്കിൽ അധിക സർവീസുകളും നടത്താനാണ് ആലോചന.