തുവ്വാക്കുറ്റി, മുതുവോട്ട്താഴ തോടുകൾ ഓർമ്മകളിലേക്കൊഴുകുന്നു
കൊയിലാണ്ടി: അരിക്കുളം, നടുവണ്ണൂര്‍, നൊച്ചാട് ഗ്രാമ പഞ്ചായത്തുകളിലൂടെ ഒഴുകിയെത്തി ഒടുവില്‍ കൊയിലാണ്ടി നഗരസഭയില്‍ ഉള്‍പ്പെട്ട മുതുവോട്ട് പുഴയില്‍ പതിക്കുന്ന തുവ്വാക്കുറ്റി, മുതുവോട്ട്താഴ തോട് നാശത്തിന്റെ വക്കില്‍. മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുക്ക് നിലച്ച ഈ തോട് വീതി കൂട്ടി സംരക്ഷിക്കണമെന്ന ആവശ്യം പ്രദേശവാസികളില്‍ നിന്ന് ഉയരുകയാണ്.
കാരയാട്, ഏക്കാട്ടൂര്‍, പളളിയില്നട, എലങ്കമല്‍, മഠത്തില്ക്കുനി, പാറക്കുളങ്ങര, ഊട്ടേരി, ഊരളളൂര്‍ കണ്ടമ്പത്ത് താഴ ഭാഗത്തു കൂടി ഒഴുകി മുതുവോട്ട് പുഴയില്‍ എത്തുന്ന തോടിന് ഏഴ് കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട്. തിരുവങ്ങായൂര്‍, പാറക്കുളങ്ങര, ഊരളളൂര്‍, എലങ്കമ്മല്‍, മന്ദങ്കാവ് തുടങ്ങി ഏക്കര്‍ കണക്കിന് പാടശേഖരങ്ങളുടെ മധ്യത്തിലൂടെയാണ് തോട് കടന്നു പോകുന്നത്.
നെല്‍പ്പാടങ്ങളിലെ ജല ക്രമീകരണത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടാക്കിയതാണ് തോട്. മുമ്പൊക്കെ ഗ്രാമന്തരങ്ങളിലേക്ക് ഈ തോട്ടിലൂടെ തോണിയില്‍ സാധന സാമഗ്രികളെല്ലാം കൊണ്ടു പോയിരുന്നു. എട്ട് കിലോമീറ്ററോളം ദൈര്‍ഘ്യമുളള തോട്ടില്‍ കുളിക്കാനും, അലക്കാനുമൊക്കെയുളള സംവിധാനങ്ങളുണ്ടായിരുന്നു. നല്ല നീരോഴുക്കുളള തോട്ടില്‍ മാലിന്യങ്ങള്‍ കെട്ടി നില്‍ക്കാത്ത തെളിനീരായിരുന്നു ഒഴുകിയത്.
മുതുവോട്ട് പുഴയില്‍ നിന്ന് തോട്ടിലേക്ക് മല്‍സ്യങ്ങള്‍ കയറുന്നതിനാല്‍, വലിയ തോതിലുളള മല്‍സ്യ സമ്പത്തും തോട്ടിലുണ്ടായിരുന്നു. കരിമീന്‍, ബ്രാല്, ഏട്ട തുടങ്ങിയ മീനുകളെല്ലാം യഥേഷ്ടമുണ്ടായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. വേനലില്‍ പുഞ്ചകൃഷിയ്ക്ക് വെളളം ശേഖരിക്കാന്‍ ഈ തോടായിരുന്നു കര്‍ഷകരുടെ ആശ്രയം. തോട്ട് വക്കില്‍ പച്ചക്കറി കൃഷിയും സമൃദ്ധമായുണ്ടായിരുന്നു. പിന്നീട് തോട് സംരക്ഷണത്തിന് അധികാരികള്‍ ആരും മുന്നോട്ട് വരാത്തതിനെ തുടര്‍ന്ന് കൈതക്കാടുകളും മാലിന്യങ്ങളും നിറഞ്ഞു തോട് നാശത്തിലേക്ക് നീങ്ങി.
തോട്ടു വക്കുകളില്‍ ഇടതൂര്‍ന്ന് വളരുന്ന കൈതക്കാടുകളുടെ വേരു പടലം ഒഴുക്ക് തടഞ്ഞു. ഇവിടെ മാലിന്യങ്ങളും നിറയാന്‍ തുടങ്ങി. തോട്ട് വക്കുകളില്‍ വളര്‍ന്ന മരങ്ങളും വളര്‍ന്ന് പന്തലിച്ചു. തോടിലെ ചളിയും പായലും കൈതക്കാടുകളും മറ്റ് മാലിന്യങ്ങളും മണ്ണ് മാന്തിയന്തമുപയോഗിച്ച് നീക്കി ആഴം കൂട്ടണം. തോടിന്റെ അരികുകള്‍ കെട്ടി സംരക്ഷിക്കുകയും വേണം.
ഊരളളൂര്‍ നടുവിലക്കണ്ടി താഴ ഭാഗത്ത് തോടിന് കുറുകെ ചീര്‍പ്പ് നിര്‍മ്മിച്ച് കരിങ്കല്‍ കെട്ട് കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇറിഗേഷന്‍ വകുപ്പാണ് ഇത് ചെയ്യുന്നത്. ബാക്കി സ്ഥലങ്ങളിലും ഇതേ രീതിയില്‍ കെട്ടി സംരക്ഷിച്ചാല്‍ നല്ലൊരു ജല സ്രോതസ്സായി ഈ തോട് മാറും.
ഇപ്പോള്‍ തോടിന് പല സ്ഥലത്തും ആഴം കുറവാണ്. മണ്ണും ചളിയും മാലിന്യങ്ങളും അടിഞ്ഞു കൂടിയാണ് ആഴം കുറഞ്ഞത്. അത് കാരണം മഴക്കാലത്ത് തോട് കരകവിഞ്ഞ് പാടശേഖരത്തിലൂടെയാണ് ഒഴുകുക. അക്കാരണത്താല്‍ പാടശേഖരങ്ങളില്‍ നെല്‍കൃഷി ചെയ്യാനും കഴിയില്ല.