തുറയൂര്‍ കൊയപ്പള്ളി തറവാട്ടുമുറ്റത്ത് കെ. കേളപ്പന്റെ പൂര്‍ണകായ ശില്പമൊരുങ്ങി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനാഛാദനം ചെയ്യും
തുറയൂര്‍: സ്വാതന്ത്ര്യ സ്വപ്നങ്ങള്‍ക്കായി നീക്കിവെച്ച ജീവിതത്തിന്റെ ഓര്‍മകള്‍ക്ക് അരനൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ കേരളാ ഗാന്ധി കെ. കേളപ്പന് തുറയൂരിലെ കൊയപ്പള്ളി തറവാട്ട് മുറ്റത്ത് പ്രതിമയൊരുങ്ങുന്നു. ശില്പി ചിത്രന്‍ കുഞ്ഞിമംഗലമൊരുക്കിയ വെങ്കലശില്പം ചൊവ്വ വൈകിട്ട് അഞ്ചരക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അനാഛാദനം ചെയ്യും. വൈകുന്നേരം അഞ്ചരയ്ക്ക് നടക്കുന്ന പരിപാടിയില്‍ വടകര എം.പി കെ. മുരളീധരന്‍, പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍, തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
നാല് മാസത്തോളം സമയമെടുത്താണ് ഏഴടി ഉയരത്തിലുള്ള പ്രതിമ പൂര്‍ത്തിയാക്കിയത്. കളിമണ്ണിലുണ്ടാക്കിയ രൂപം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ മോള്‍ഡ് ചെയ്ത് ഫൈബറിലാണ് പ്രതിമ നിര്‍മിച്ചത്. കെ. കേരളപ്പന്റെ ഖാദിയില്‍ നെയ്ത സ്വതസിദ്ധമായ വസ്ത്രധാരണരീതിയും ഇടതു ചുമലില്‍ ഷാളും, മുണ്ടും, കണ്ണടയും, പേനയും, ചെരിപ്പും എല്ലാം ഉള്‍പ്പെടുത്തി ആ കാലഘട്ടത്തിലെ വസ്ത്രധാരണരീതി അതേ രീതിയില്‍ തന്നെ മനോഹരമായി ശില്പത്തില്‍ ആവിഷ്‌കരിച്ചിരിച്ചിട്ടുണ്ടെന്ന് ചിത്രന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
കെ. കേളപ്പന്റെ പൂര്‍ണ്ണകായ പ്രതിമ വളരെ അപൂര്‍വ്വമാണ്. കേളപ്പജിയുടെ കുടുംബാംഗങ്ങളും കൊയപ്പള്ളി തറവാട് പരിപാലനം ട്രസ്റ്റ് അംഗങ്ങളും ചിത്രന്റെ പണിപ്പുരയില്‍ എത്തി ശില്പനിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കിയിരുന്നു. നിര്‍മ്മാണത്തിന് ആവശ്യമായ കേളപ്പജിയുടെ ഫോട്ടോസ് കമ്മിറ്റി അംഗങ്ങള്‍ ചിത്രന് നല്‍കി. കിഷോര്‍.കെ.വി, ചിത്ര. കെ, ബിനീഷ്, കൃഷ്ണന്‍ എന്നിവര്‍ ശില്പ നിര്‍മാണത്തില്‍ സഹായികളായി.
കൊയപ്പള്ളി തറവാടിന്റെ അകത്തളങ്ങളില്‍ കേളപ്പന്റെ സമരചരിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. പയ്യന്നൂരിലെയും കോഴിക്കോട്ടെയും ഉപ്പുസത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവുമെല്ലാം വര്‍ണചിത്രങ്ങളായി അകത്തള ചുമരില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇതിനോടകം തന്നെ കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ശില്പങ്ങള്‍ ചെയ്ത ശ്രദ്ധേയനാണ് ചിത്രന്‍ കുഞ്ഞിമംഗലം. യു.എ.ഇയില്‍ സ്ഥാപിച്ച ആദ്യത്തെ മഹാത്മാഗാന്ധി ശില്‍പം നിര്‍മ്മിച്ചുകൊണ്ട് അദ്ദേഹം ഏറെ ശ്രദ്ധനേടി. മഹാത്മാഗാന്ധി, എ.കെ.ജി, ഇ.എം.എസ്, ആലക്കോട് രാജ, കെ. കേളപ്പന്‍, സഞ്ജയന്‍, മറഡോണ, ധനരാജ്, ഇമ്പിച്ച ബാവ തുടങ്ങി നിരവധി പ്രശസ്തരുടെ ശില്പങ്ങള്‍ തീര്‍ത്തു. കേരള ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ്, കേരള ക്ഷേത്രകലാ അക്കാദമി അവാര്‍ഡ്, സി. എഫ്. നാഷണല്‍ അവാര്‍ഡ് തുടങ്ങിയവ നേടിയിരുന്നു.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ എ.കെ.ജിയുടെ ശില്‍പം നിര്‍മ്മിച്ച പ്രശസ്ത ശില്‍പി കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്ററുടെ മകനാണ് ചിത്രന്‍. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം.
ഉദ്ദേശം പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ രൂപം കൊണ്ട കൊയപ്പള്ളി തറവാടിലെ നാലാം തലമുറയിലായിരുന്നു കേളപ്പന്റെ ജനനം. കുടുംബത്തിലെ ഓരോ അംഗത്തിന്നും അവകാശം കൈമാറ്റം ചെയ്യപ്പെടുന്ന പിന്‍തുടര്‍ച്ചാവകാശം ലഭ്യമായ തറവാട് വീടും സ്ഥലവും ഒരു ട്രസ്റ്റിന്റെ പേരില്‍ 2005 ലാണ് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഇന്ന് പത്ത് തലമുറയിലെ സന്തതി പരമ്പരകള്‍ അംഗങ്ങളായി ഉണ്ട്. കുടുംബാംഗങ്ങള്‍ സ്വന്തം അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച ഫണ്ടുപയോഗിച്ചാണ് പ്രതിമ സ്ഥാപിച്ചത്. തുറയൂരിലെ കൊയപ്പള്ളിയില്‍ പുനര്‍നിര്‍മ്മിച്ച നാലുകെട്ടിന്റെ അങ്കണത്തിലാണ് പ്രതിമ ഒരുക്കിയത്.