തുറയൂരില്‍ ശുദ്ധജലത്തിനായി ദുരിതമനുഭവിക്കുന്നവര്‍ക്ക് ശാപമോക്ഷം; കുടിവെള്ള പദ്ധതി ഒക്ടോബറിൽ കമ്മീഷൻ ചെയ്യും
പേരാമ്പ്ര: തുറയൂർ പഞ്ചായത്ത് കുടിവെള്ള പദ്ധതി ഒക്ടോബറിൽ കമ്മീഷൻ ചെയ്യും. ടി പി രാമകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം.
തുറയൂർ പഞ്ചായത്തിലാകെ കുടിവെള്ളം നൽകാനുള്ള പദ്ധതിക്ക് കിഫ്ബിയിൽനിന്ന് 15 കോടി രൂപയും ജലജീവൻ പദ്ധതിയിൽ 16 കോടി രൂപയും ഉൾപ്പെടെ 31 കോടി രൂപയാണ് അനുവദിച്ചത്. ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നാണ് വെള്ളം ലഭ്യമാക്കുന്നത്. പദ്ധതിയുടെ ജലസംഭരണിയുടെ പ്രവൃത്തി പൂർത്തിയായി. ജലവിതരണത്തിനായി ഇതുവരെ 54 കിലോമീറ്റർ ദൂരം പൈപ്പ് ലൈൻ സ്ഥാപിച്ചു. 18 കിലോമീറ്ററിൽ കൂടി പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ്, വൈസ് പ്രസിഡന്റ് ശ്രീജ, എം പി ഷിബു, വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയർ പി ബിജു, അസി. എക്സിക്യുട്ടീവ് എൻജിനീയർ ജിതേഷ്, അസി.എൻജിനിയർ ഹമീദ്, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ വിനയരാജ്, അസി.എക്‌സിക്യുട്ടീവ് എൻജിനിയർ സുനിത എന്നിവർ അവലോകനയോഗത്തിൽ പങ്കെടുത്തു.