തുറയൂരില്‍ ശക്തമായ മഴയില്‍ നാശനഷ്ടം; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു, അലങ്കാര മത്സ്യക്കൃഷി പൂര്‍ണമായും നശിച്ചു (വീഡിയോ)


തുറയൂര്‍: തുറയൂരില്‍ ശക്തമായ മഴയില്‍ വലിയ നാശനഷ്ടം. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. പയ്യോളി അങ്ങാടി ടാകീസ് റോഡിന് സമീപം താമസിക്കുന്ന ടി.എം ദീപേഷിന്റെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. അടുക്കളയോട് ചേര്‍ന്ന ഭാഗത്താണ് കഴിഞ്ഞ ദിവസം ശക്തമായ മഴയില്‍ വലിയ ശബ്ദത്തോടെ മണ്ണ് ഇടിഞ്ഞ് വീണത്.

അടുക്കളയോട് ചേര്‍ന്ന നടത്തുന്ന അലങ്കാര മത്സ്യക്കൃഷി പൂര്‍ണമായും നശിച്ചു. ഒരു ലക്ഷത്തോളം വില വരുന്ന അലങ്കാര മത്സ്യങ്ങളും, അക്വേറിയങ്ങളും പൂര്‍ണമായും നശിച്ചെന്ന് ടി.എം ദിപേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ വീടിന് മുകള്‍ വശത്ത് നിന്ന് മണ്ണും കല്ലും എല്ലാം അടുക്കളയോട് ചേര്‍ന്ന ഭാഗത്തേക്ക് വീഴുകയായിരുന്നു.

തുറയൂര്‍ പഞ്ചായത്തിലെ പയ്യോളി അങ്ങാടിയിലുള്ള വീട്ടിലെ കിണര്‍ ഇടിഞ്ഞു. തിരിക്കോടും മുകളില്‍ കുഞ്ഞിക്കണ്ണന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. വീടിനടുത്തുള്ള മണ്‍തിട്ട തകര്‍ന്നാണ് കിണര്‍ ഇടിഞ്ഞത്. ഇവിടെ മരങ്ങള്‍ വീഴുകയും ചെയ്തു. പേരാമ്പ്ര ഫയര്‍ ഫോഴ്‌സ് എത്തിയാണ് മരങ്ങള്‍ മുറിച്ച് മാറ്റിയത് ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

തുറയൂര്‍ കേളോത്ത് കണ്ടി ഹബീബിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കനത്ത മഴയിലും പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.