തുറയൂരില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; രണ്ടു വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍, കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം, നോക്കാം വിശദമായി


തുറയൂര്‍: തുറയൂരില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പഞ്ചായത്ത്. കുടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ മൂന്ന്, അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി കലക്ടര്‍ പ്രഖ്യാപിച്ചു. ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. കണ്ടെയിന്‍മെന്റ് സോണായതിനെ തുടര്‍ന്ന് പ്രദേശത്തെ എല്ലാ കടകളും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തന്നെ അടപ്പിച്ചു. പോലീസ് മൈക്ക് അനൗണ്‍സ്‌മെന്റും നടത്തി.

നാളെ മുതല്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന്, അഞ്ച് വാര്‍ഡുകളിലെ പലചരക്ക്, പച്ചക്കറി കടകള്‍, ഹോട്ടലുകള്‍, ഫാര്‍മസികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ ഒഴികെയുള്ള മറ്റ് സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളു. രാത്രി എട്ട് മണിവരെ ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വ്വീസ് അനുവദനീയമാണ്. അവശ്യ സര്‍വ്വീസൊഴികെയുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.

നിലവില്‍ തുറയൂര്‍ പഞ്ചായത്ത് കാറ്റഗറി ബി യിലാണ് ഉള്‍പ്പെടുന്നത്. മൂന്നാം വാര്‍ഡില്‍ രോഗികളുടെ എണ്ണം 31 ആയി ഉയര്‍ന്നതോടെയാണ് വാര്‍ഡിനെ കണ്ടെയിന്‍മെന്റ് സോണായി കലക്ടര്‍ പ്രഖ്യാപിച്ചത്. അഞ്ചാം വാര്‍ഡിലും രോഗ വ്യാപനം കൂടുതലാണ്.