തുറയൂരിലെ ബാബുവിന്റെ വീട്ടില്‍ വിരുന്നെത്തി ചൂളന്‍ എരണ്ടയും കുട്ട്യോളും; അറിയാം ചൂളന്‍ എരണ്ടയുടെ സവിശേഷതകള്‍


തുറയൂര്‍: തുറയൂരില്‍ വിരുന്നെത്തിയിരിക്കുകയാണ് ലെസര്‍ വിസ്റ്റിലിങ് ഡക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ചൂളന്‍ എരണ്ടയും മക്കളും. തിരിക്കോട്ട് താഴ ബാബുവിന്റെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ചൂളന്‍ എരണ്ടയും ഏഴ് കുഞ്ഞുങ്ങളും വിരുന്നെത്തിയത്. വൈകീട്ടോടെ ഇവരെ തേടി മറ്റു മൂന്ന് വലിയ എരണ്ടകള്‍ കൂടി തെങ്ങിനുമുകളിലെത്തി. ഇവ വളരെ ഉയത്തില്‍ പറന്നാണ് എത്തിയതെന്ന് ബാബു പറഞ്ഞു. ശനിയാഴ്ച പുലരുംമുമ്പെ കുഞ്ഞുങ്ങളടക്കമുള്ള മുഴുവന്‍ എരണ്ടകളും തിരികെ പോയി.

മഴ കനത്തു തുടങ്ങുന്നതോടെയാണ് ചൂളന്‍ എരണ്ടകള്‍ നാട്ടിലേക്ക് എത്തി തുടങ്ങുന്നത്. സ്വദേശികളാണെങ്കിലും നാട്ടിന്‍ പുറങ്ങളില്‍ ചൂളന്‍ എരണ്ടകളെ കാണുന്നത് അപൂര്‍വ്വമാണ്. കണ്ടല്‍ കാടുകളാണ് ഇവയുടെ പ്രധാന ആവാസ കേന്ദ്രം.

ഇവയ്ക്ക് നീണ്ട ചാരനിറത്തിലുള്ള കൊക്കുകളും നീണ്ട തലയും നീണ്ട കാലുകളുമുണ്ട്. ദേഹം തടിച്ചുരുണ്ടതാണ്. തവിട്ടുനിറമാണ് ചൂളന്‍ എരണ്ടയുടെ ശരീരത്തിന്. പിന്‍ഭാഗവും ചിറകും കടുത്ത ചാരനിറമാണ്. കറുത്തനിറമുള്ള ചൂളന്‍ എരണ്ടയുടെ കുഞ്ഞുങ്ങള്‍ക്ക് കണ്ണിനുചുറ്റും വെളുത്ത നിറമാണുള്ളത്.

കാഴ്ചയ്ക്ക് താറാവിനെ പോലെയുള്ള ഈ പക്ഷി വെള്ളത്തില്‍ തുഴയുകയും അതേസമയം കിലോമീറ്ററുകളോളം ആകാശത്ത് പറക്കുകയും ചെയ്യും എന്നതാണ് പ്രത്യേകത. ”സീസിക്ക്-സീസിക്ക്” എന്ന ചൂളം വിളി പറക്കുമ്പോള്‍ ഇവ ഉണ്ടാക്കാറുണ്ട്.