തുരുമ്പിച്ച ‘സ്വപ്നങ്ങൾ’ അഴിച്ചെടുക്കാൻ അവരെത്തി


കൊയിലാണ്ടി: പൊന്തക്കാട് നിറഞ്ഞ ഉല്‍സവ പറമ്പിലെ യന്ത്ര ഊഞ്ഞാല്‍ അഴിച്ചെടുക്കാന്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവരെത്തി. കഴിഞ്ഞ വര്‍ഷം പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്ര മഹോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാര്‍ണിവലും മറ്റും ആഘോഷമാക്കാന്‍ വേണ്ടിയായിരുന്നു പൊയില്‍ക്കാവ് സ്‌കൂളിന് സമീപത്തെ പറമ്പില്‍ യന്ത്രമുഞ്ഞാലും കുട്ടികള്‍ക്കുളള കളിയുപകരണങ്ങളും സ്ഥാപിച്ചത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഉല്‍സവം ചടങ്ങായി മാത്രം നടത്തിയപ്പോള്‍ ഉല്‍സവ പറമ്പില്‍ ആളും ആരവവും ഒഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കാര്‍ണിവലിനായി സ്ഥാപിച്ച യന്ത്ര ഊഞ്ഞാലും മറ്റ് വിനോദ ഉപകരണങ്ങളും അഴിച്ചു കൊണ്ടു പോകാന്‍ പോലും ഇവർക്കായില്ല.

കോവിഡ് നിയന്ത്രണം പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ യന്ത്ര ഊഞ്ഞാലുമായി വന്ന ബീഹാര്‍ സംഘം കുറച്ചു കാലം പൊയില്‍ക്കാവില്‍ തന്നെ കഴിഞ്ഞിരുന്നു. എന്നാല്‍ നിരോധനം അനന്തമായി നീണ്ടതോടെ അവര്‍ സ്വദേശത്തേക്ക് തന്നെ മടങ്ങി. അതോടെ യന്ത്ര ഊഞ്ഞാലും മറ്റും പൊന്തക്കാട്ടില്‍ മുങ്ങി.

ഇത്തവണയും പല ഉല്‍സവങ്ങളും ചടങ്ങുകളായി മാത്രം നടത്തുമ്പോള്‍ ആഘോഷങ്ങളുടെ പൊലിമ കൂടുതലായി ഒന്നുമുണ്ടാവില്ല. കഴിഞ്ഞ ദിവസം ബീഹാറി സംഘമെത്തി ഊഞ്ഞാലുകളും മറ്റും അഴിച്ചു മാറ്റി തുടങ്ങി. ഊഞ്ഞാലുകളുടെ കമ്പിയും കൊളുത്തുമെല്ലാം തുരുമ്പെടുത്ത നിലയിലാണ്.