തുടർച്ചയായി രണ്ട് മീ ടൂ ആരോപണങ്ങൾ: വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ പീഡനത്തിന് കേസ്


കൊച്ചി: വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ പ്രശസ്തനായ ശ്രീകാന്ത്‌ വെട്ടിയാരിനെതിരെ ബലാത്സംഗകേസ്. കൊച്ചി സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്. കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കൊച്ചിയിലെ ഹോട്ടലിലും ആലുവയിലെ ഫ്ലാറ്റിലും വച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‍മെന്‍റ് എന്ന ഗ്രൂപ്പിൽ നേരത്തെ വെട്ടിയാർക്കെതിരെ രണ്ട് മി ടൂ ആരോപണങ്ങൾ വന്നിരുന്നു. ഇതിലൊരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയിൽ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിൽവെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽവെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് വെട്ടിയാർ സുഹൃത്തുക്കൾവഴി പലവട്ടം സമ്മർദ്ദം ചെലുത്തിയെന്നും പരാതിക്കാരി.