തുടക്കം മടപ്പള്ളി കോളേജില്‍ നിന്ന്, ഒരു പതിറ്റാണ്ടിലേറെ ജനപ്രതിനിധിയായി; പേരാമ്പ്രയിലെ സി.പി.എമ്മിനെ നയിക്കാനെത്തുന്ന ജനകീയ നേതാവ് എം.കുഞ്ഞമ്മദ് മാസ്റ്ററെ അടുത്തറിയാം


സൂര്യ കാര്‍ത്തിക

പേരാമ്പ്ര: വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നുവന്ന നേതാവാണ് സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നിയുക്ത സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റര്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം നാടിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ വ്യക്തിത്വത്തിനുടമ കൂടിയാണ് അദ്ദേഹം. പതിനഞ്ച് വര്‍ഷക്കാലം പേരാമ്പ്ര ഭരണസമിതിയിലെയും ഏരിയ കമ്മിറ്റി അംഗമെന്ന നിലയിലെ അനുഭവ പാഠങ്ങളുമായാണ് അദ്ദേഹം പുതിയ ഉത്തരവാദിത്വമേറ്റെടുക്കുന്നത്.

ആവള സ്വദേശിയായ എം.കുഞ്ഞമ്മദ് മാസ്റ്റര്‍ മടപ്പള്ളി കോളേജില്‍ നിന്നാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. കോളേജിലെ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായിരുന്നു അദ്ദേഹം. തുടര്‍ പഠനം നടത്തിയ ഫറൂഖ് കോളേജില്‍ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ബി.എഡ് പഠനത്തിന് ശേഷം അധ്യാപന ജോലിയില്‍ പ്രവേശിച്ചു. അധ്യാപകനായിരിക്കെയാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നതും പഞ്ചായത്ത് പ്രസിഡന്റാവുന്നതും.

രണ്ടായിരം മുതല്‍ 2015 വരെയുള്ള നീണ്ട പതിനഞ്ച് വര്‍ഷക്കാലം എം.കുഞ്ഞമ്മദ് മാസ്റ്റര്‍ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളാണ് അദ്ദേഹം വഹിച്ചിരുന്നത്. 2000-05, 2010-15 വര്‍ഷകാലം പ്രസിഡന്റായും, 2005-10 വരെ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള നിരവധി പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കാന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനെ പ്രാപ്തമാക്കിയതില്‍ എം.കുഞ്ഞമ്മദ് മാസ്റ്റര്‍ വഹിച്ച പങ്ക് വലുതാണ്.

രണ്ടായിരം മുതല്‍ 2015 വരെയുള്ള കാലയളവില്‍ മൂന്ന് തവണ സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി അവാര്‍ഡ് കരസ്ഥമാക്കിയത് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തായിരുന്നു. ഈ അവാര്‍ഡ് തുക ഉപയോഗിച്ച് നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കിയത്. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടിയ പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ചതും എം.കുഞ്ഞമ്മദ് മാസ്റ്ററുടെ മേല്‍നോട്ടത്തിലാണ്. ആശുപത്രിയില്‍ ഡയാലിസിസ് യുണിറ്റ് ആരംഭിച്ചതും വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളില്‍ വായന ശാലകളും, നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നല്‍കി.

സംസ്ഥാന തലത്തില്‍ സര്‍വ്വ ശിക്ഷ അഭിയാന്‍ പദ്ധതി ആരംഭിക്കുന്നതിന് മുന്നേ ഇതിന് സമാനമായ ബി.ആര്‍.സി പദ്ധതി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ എം.കുഞ്ഞമ്മദ് മാസ്റ്ററുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയിരുന്നു. വികസ പ്രവര്‍ത്തനത്തില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറുമെന്ന് മുന്‍ മുഖ്യമന്തി എ.കെ ആന്റണി ഒരിക്കല്‍ പറയുകയുണ്ടായി. സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ എം.കുഞ്ഞമ്മദ് മാസ്റ്ററുടെ നേതൃത്വത്തില്‍ പേരാമ്പ്ര ബ്ലോക്കില്‍ നടപ്പിലാക്കിയിട്ടുണ്ട്.

എന്നും ജനപക്ഷത്ത് ചിന്തിക്കുന്ന ജനതയുടെ നേതാവാണ് എം.കുഞ്ഞമ്മദ് മാസ്റ്റര്‍. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മുപ്പത് വര്‍ഷക്കാലമായി തരിശായ കിടന്നിരുന്ന ആവളപാണ്ടിയില്‍ കൃഷിയിറക്കിയിരുന്നു. ഈ പ്രവര്‍ത്തനത്തിന്റെയും മുന്‍പന്തിയില്‍ അദ്ദേഹമുണ്ടായിരുന്നു. നിലവില്‍ സുഭിക്ഷാ ചെയര്‍മാനും പേരാമ്പ്ര മണ്ഡലം വികസന മിഷന്‍ കണ്‍വീനറുമാണ് എം കുഞ്ഞമ്മദ് മാസ്റ്റര്‍.

പാര്‍ട്ടി പുതിയ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുകയാണ്. അത് കഴിഞ്ഞ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഭംഗിയായി നിറവേറ്റാന്‍ ശ്രമിക്കുമെന്ന് എം.കുഞ്ഞമ്മദ് മാസ്റ്റര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പാര്‍ട്ടി എന്നിലര്‍പ്പിച്ചിരിക്കുന്ന വിശ്വാസം നിലനിര്‍ത്തി മികച്ച രീതിയില്‍ തന്നെ ഏരിയ കമ്മിറ്റിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.