തീറ്റതേടി ഇറങ്ങിയപ്പോള്‍ കാല്‍വഴുതി കിണറ്റില്‍ വീണു; ചക്കിട്ടപ്പാറയില്‍ കിണറ്റില്‍ വീണ ആടിന് രക്ഷകരായി അഗ്നിശമനസേന ഉദ്യോഗസ്ഥര്‍


പേരാമ്പ്ര: കിണറ്റില്‍ വീണ ആടിന് രക്ഷകരായി പേരാമ്പ്രയിലെ അഗ്നിശമനസേന ഉദ്യോഗസ്ഥര്‍. ചക്കിട്ടപാറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ താമരമുക്കില്‍ മാപ്പിളകുന്നേല്‍ ജോണിന്റെ രണ്ട് മാസംപ്രായമായ ആട്ടിന്‍കുട്ടിയാണ് തീറ്റതേടി ഇറങ്ങിയപ്പോള്‍ 25 അടി താഴ്ചയുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ വീണത്. നാട്ടുകാര്‍ ആടിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം ഫലം കണ്ടില്ല.

പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചടിനെ തുടര്‍ന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തുകയായിരുന്നു. സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ പി.സി.പ്രമന്റെ നേതൃത്ത്വത്തില്‍ ഫയര്‍&റസ്‌ക്യൂ ഓഫീസ്സര്‍ അന്‍വര്‍ സാലിഹ് കിണറ്റിലിറങ്ങി ആട്ടിന്‍ കുട്ടിയെ പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ സുനില്‍ കെ, ഷിജു കെ.യം, അജേഷ്, ബിനീഷ്‌കുമാര്‍, അജേഷ് കെ, വിജയന്‍ എന്‍.കെ എന്നിവര്‍ പങ്കെടുത്തു.