തീരമേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം; ജില്ലയില്‍ കണ്ട്രോള് റൂം തുറന്നു
കോഴിക്കോട്: സംസ്ഥാനത്തെ തീരമേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷം. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കണ്ട്രോള് റൂമുകള്‍ തുറന്നു. ആലപ്പുഴയില്‍ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം വെള്ളം കയറിയിരുന്നു. കടലാക്രമണം രൂക്ഷമായതോടെ പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി. ശക്തമായ മഴ തുടര്‍ന്നാല്‍ തീരമേഖലയിലെ ആളുകള്‍ക്കായി കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വരും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി, തോപ്പയില്‍ മേഖലകളില്‍ കടലാക്രമണം ശക്തമായിരുന്നു. പല വീടുകളിലും വെള്ളം കയറി. കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. കുട്ടനാട്ടിലും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തു. മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം തടയാനായി പൊഴി മുറിക്കുന്ന പ്രവൃത്തികള്‍ തുടങ്ങിയിട്ടുണ്ട്. തണ്ണീര്‍മുക്കം ബണ്ടിന്റെ 30 ഷട്ടറുകള്‍ തുറന്നു. മഴ കനത്തതോടെ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം ശക്തമാണ്.