തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി തൊഴില്‍ പദ്ധതി; വടകരയുള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളില്‍ കൂടി ‘തൊഴില്‍തീരം’


വടകര: തീരദേശ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന തൊഴില്‍ തീരം പദ്ധതി വടകര ഉള്‍പ്പെടെ ആറു മണ്ഡലങ്ങളില്‍ കൂടി നടപ്പിലാക്കുന്നു. കോഴിക്കോട് സൗത്ത്, നോര്‍ത്ത്, എലത്തൂര്‍, കൊയിലാണ്ടി, വടകര എന്നീ മണ്ഡലങ്ങളില്‍ കൂടി പദ്ധതി നടപ്പിലാക്കും. നേരത്തെ ബേപ്പൂര്‍ മണ്ഡലത്തില്‍ മാത്രമായിരുന്നു പദ്ധതി ആവിഷ്‌കരിച്ചിരുന്നത്.

മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍ക്കായി കേരളനോളജ് ഇക്കോണമി മിഷന്‍ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന തൊഴില്‍ പദ്ധതിയാണ് തൊഴില്‍തീരം. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനവര്‍ധനയും സാംസ്‌കാരിക-വിദ്യാഭ്യാസ ഉയര്‍ച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം.

മത്സ്യത്തൊഴിലാളി വിഭാഗത്തിലെ 18നും 40നും ഇടയിലെ പ്ലസ്ടു മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് സേവനം ലഭ്യമാകുക. നോളജ് മിഷന്റെ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ചെയ്തവരും രജിസ്റ്റര്‍ചെയ്യാന്‍ ബാക്കിയുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കി പ്രത്യേക നൈപുണ്യവും തൊഴില്‍ പരിശീലനവും നല്‍കിയാണ് പദ്ധതി നടപ്പിലാക്കുക. തുടര്‍ന്ന് ജില്ലാതല തൊഴില്‍മേളകള്‍ സംഘടിപ്പിച്ച് തൊഴിലവസരവും നല്‍കും.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വമുള്ള കുടുംബാംഗങ്ങളും ഉള്‍നാടന്‍ മത്സ്യബന്ധന ഗ്രാമങ്ങളിലുള്ളവരുമാണ് ഗുണഭോക്താക്കള്‍. സ്വകാര്യമേഖല, റിമോട്ട്, ഹൈബ്രിഡ്, എംഎസ്എംഇ, സ്റ്റാര്‍ട്ടപ്, പാര്‍ട്ട് ടൈം, പ്രോജക്ടുകള്‍, ഫ്രീലാന്‍സ് തുടങ്ങിയ മേഖലകളിലായിരിക്കും ജോലി.