തീയിട്ട സ്ഥലങ്ങളിൽ ‘ഫോളോ മീ ഓണ്‍ ഇന്‍സ്റ്റഗ്രാം’ എന്ന് എഴുതി; വടകര താലൂക്ക് ഓഫീസിന് പുറമെ മറ്റ് മൂന്ന് തീപിടിത്തങ്ങള്‍ക്ക് പിന്നിലും ആന്ധ്ര സ്വദേശി തന്നെ; തെളിവെടുപ്പ് പൂര്‍ത്തിയായി
വടകര: നഗരത്തെ നടുക്കിയ താലൂക്ക് ഓഫീസ് തീ പിടിത്തത്തിനു പിന്നില്‍ അറസ്റ്റിലായ ആന്ധ്ര സ്വദേശി സതീഷ് നാരായണന്‍ തന്നെയെന്ന് പൊലീസ്. താലൂക്ക് ഓഫീസിലെതിന് പുറമെ വടകരയില്‍ മുമ്പുണ്ടായ മൂന്ന് തീപിടിത്തങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ട്. പ്രതിയെയും കൊണ്ടുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി.
മൂന്ന് കേസുകളിലും സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് കേസുകളിലും ഇയാള്‍ക്ക് ബന്ധമുള്ളതിന് തെളിവുകള്‍ ലഭിച്ചെന്ന് റൂറല്‍ എസ്.പി ഡോ. പി.എ. ശ്രീനിവാസ് പറഞ്ഞു. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം തുടങ്ങിയതായും പരസ്പരവിരുദ്ധമായാണ് പ്രതി സംസാരിക്കുന്നതെന്നും എസ്.പി അറിയിച്ചു.
ഇയാളുടെ സാമൂഹ്യമാധ്യമ ഇടപെടലുകള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. തീപിടിത്തം ഉണ്ടായ സ്ഥലത്തെ മതിലില്‍ ‘ഫോളോ മീ ഓണ്‍ ഇന്‍സ്റ്റഗ്രാം’ എന്ന് എഴുതിയത് ശ്രദ്ധയില്‍ പെട്ടതിനാലാണ് ഇത്.
എന്തിനാണ് സതീഷ് നാരായണന്‍ താലൂക്ക് ഓഫീസില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തീയിട്ടതെന്ന് വ്യക്തമല്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ വടകരയിലുണ്ടായ മൂന്ന് തീ പിടിത്തങ്ങളില്‍ തനിക്ക് പങ്കുള്ളതായി സതീഷ് സമ്മതിച്ചിട്ടുണ്ട്.
താലൂക്ക് ഓഫീസിലും തീപിടിത്തം നടന്ന മറ്റ് മൂന്ന് ഇടങ്ങളിലും സതീഷ് നാരായണനുമായി എത്തി പൊലീസ് തെളിവെടുപ്പ് നടത്തി. റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
തീപിടിത്തത്തില്‍ പൂര്‍ണ്ണമായി നശിച്ച താലൂക്ക് ഓഫീസ് താല്‍ക്കാലികമായി തൊട്ടടുത്ത കെട്ടിടത്തിലേക്ക് സജ്ജീകരിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.