തിരൂര്‍ അരങ്ങ്പുരസ്‌കാരം മുഹമ്മദ് പേരാമ്പ്രയ്ക്കും വിജയന്‍ ചാത്തന്നൂരിനും


പേരാമ്പ്ര: തിരൂര്‍ അരങ്ങ് പുരസ്‌കാരം പ്രമുഖ നാടക- ചലച്ചിത്ര നടന്മാരായ മുഹമ്മദ് പേരാമ്പ്രയ്ക്കും വിജയന്‍ ചാത്തന്നൂരിനും. ഇരുവരും നാടകരംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം. തിരൂരിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അരങ്ങാണ് പുരസ്‌ക്കാരം നല്‍കുന്നത്.

കണ്ണൂര്‍ വാസുട്ടി, ഇബ്രാഹിം വേങ്ങര, കെ.പി കുട്ടി വാക്കാട്, ബഷീര്‍ പുത്തന്‍ വീട്ടില്‍, അനില്‍ കോവിലകം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 10.000 രൂപയും പ്രശംസാപത്രവും ഫലകവുമാണ് പുരസ്‌കാരം. അടുത്തമാസം തിരുരില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

നാല്‍പ്പത്തിയഞ്ച് വര്‍ഷക്കാലമായി മുഹമ്മദ് പേരാമ്പ്രയും മുപ്പത്തിയേഴ് വര്‍ഷക്കാലമായി വിജയന്‍ ചാത്തന്നൂരും നാടകരംഗത്തെ നിറ സാന്നിധ്യങ്ങളാണ്. ഈ കാലയളവില്‍ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഇരുവരെയും തേടിയെത്തിയിട്ടുണ്ട്.