തിരുവാതിരക്കളിയുടെ കലാസൗന്ദര്യം, ചുവടുകളിലെ സവിശേഷതകൾ അറിയാം ആസ്വദിക്കാം; കൊല്ലം പിഷാരികാവിൽ 20 ന് അഖില കേരള തിരുവാതിര ശില്പശാലയും, തിരുവാതിരക്കളിയാഘോഷവും
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ തിരുവാതിര ദിനം ആഘോഷിക്കും. തിരുവാതിര ദിനമായ ഡിസബർ 20 തിങ്കളാഴ്ച ക്ഷേത്രത്തിൽ അഖില കേരള തിരുവാതിരക്കളി ശില്പശാലയും തിരുവാതിരക്കളി ആഘോഷവും സംഘടിപ്പിക്കും.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി തിരുവാതിരയാഘോഷത്തിന് ഭദ്രദീപം തെളിയിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി ശില്പശാല ഉദ്ഘാടനം ചെയ്യും. പത്മശ്രീ മീനാക്ഷി ഗുരിക്കൾ മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവാതിരക്കളി രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയവരെ ചടങ്ങിൽ ആദരിക്കും.
തിരുവാതിരക്കളിയിലെ ആചാരാനുഷ്ഠാനങ്ങൾ, പാട്ടുകളിലെ കലാ സൗന്ദര്യം, ചുവടുകളും സവിശേഷതകളും, വേഷവിധാനം, തിരുവാതിരക്കളി അന്നും ഇന്നും, കലോത്സവങ്ങളിലെ അവതരണം തുടങ്ങിയ വിഷയങ്ങളിൽ തിരുവാതിരക്കളി രംഗത്തെ പ്രഗത്ഭർ പ്രബന്ധാവതരണം നടത്തും. തുടർന്ന് ശൈലീ ഭേദങ്ങൾ ഏകീകരിച്ച് തിരുവാതിരക്കളി അവതരണവും ഉണ്ടായിരിക്കും.
വൈകീട്ട് അഞ്ച് മണിക്ക് ഇല്ലിക്കെട്ട് നമ്പൂതിരിയുടെ ആദ്ധ്യാത്മിക പ്രഭാഷണവും, തിരുവാതിരക്കളി അവതരണവും, ശില്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കും.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നില നിന്നു പോരുന്ന ആചാരാനുഷ്ഠാനങ്ങളിലെ വൈവിധ്യങ്ങൾ പരിചയപ്പെടുത്താനും, തിരുവാതിരക്കളി അവതരണത്തിലെ ശൈലീഭേദങ്ങൾ ചർച്ച ചെയ്ത്, പാരസ്പര്യവും സമന്വയാത്മകവുമായ അവതരണ രീതി കൈവരിക്കാനുമുള്ള ശ്രമമാണ് ശില്പശാല ലക്ഷ്യം വെക്കുന്നതെന്ന് പരിപാടിയുടെ കോ-ഓർഡിനേറ്ററും പ്രശസ്ത തിരുവാതിര കലാകാരിയുമായ സുവർണ ചന്ദ്രോത്ത് പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ പ്രമോദ് തുന്നോത്ത്, എ.പി.സുധീഷ്, ഇളയിടത്ത് വേണുഗോപാൽ, എക്സിക്യൂട്ടീവ് ഓഫീസർ കെ.വേണു, സുവർണ്ണചന്ദ്രോത്ത്, വി പി ഭാസ്ക്കരൻ, അനിൽകുമാർ ചെട്ടിമഠം എന്നിവർ പങ്കെടുത്തു.