തിരുവമ്പാടിയില്‍ മാവോവാദി ഭീഷണി: പോളിങ് ബൂത്തുകളില്‍ ജാഗ്രതാ നിര്‍ദേശം]
തിരുവമ്പാടി : മാവോവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്തുകളില്‍ ജാഗ്രതാ നിര്‍ദേശം. പ്രത്യേക കേന്ദ്രസേനയെ വിന്യസിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് തിരഞ്ഞെടുപ്പുകമ്മിഷന് നല്‍കിയിരിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്. ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴയില്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനംചെയ്ത് മാവോവാദികളുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്.
ആയുധധാരികളായ നാലംഗ സംഘമാണ് പോസ്റ്റര്‍ പതിക്കാനെത്തിയതെന്നാണ് പോലീസ് നല്കുന്ന സൂചന. ‘വിമോചനത്തിന്റെ പാത തിരഞ്ഞെടുപ്പല്ല, ജനകീയ യുദ്ധമാണ്’ എന്ന ശീര്‍ഷകത്തില്‍ സി.പി.ഐ. (മാവോയിസ്റ്റ്) നാടുകാണി ഏരിയാസമിതിയുടെ പേരിലാണ് പോസ്റ്റര്‍.
തിരുവമ്പാടി മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി ലിന്റോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിന്മേലടക്കം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പോസ്റ്ററുകള്‍ ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പും പ്രദേശത്ത് വനപാലകര്‍ക്കും സര്‍ക്കാരിനുമെതിരേ പോസ്റ്ററുകള്‍ പതിച്ചിരുന്നു.