തിരുവങ്ങൂരിന് കൂടുതൽ സൗകര്യം വേണം; ശൈലജ ടീച്ചറോട് പി.ബാബുരാജ്


ചേമഞ്ചേരി: തിരുവങ്ങൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായം ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക് നിവേദനം നൽകി. രോഗികളെ കിടത്തിചികിത്സ ആരംഭിച്ച കേന്ദ്രത്തിൽ രാത്രി കാലത്ത് ഡോക്ടറുടെ സേവനം ലഭ്യമാക്കുക, കാഷ്വാലിറ്റി സംവിധാനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ പ്രധാനമായും ഉള്ളത്.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജിന്റെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ബാബുരാജ് പറഞ്ഞു.