തിയേറ്ററുകളെ ഇളക്കി മറിച്ച് ‘മരക്കാർ’; ആരാധകർക്കൊപ്പം ചിത്രം കണ്ട് മോഹൻലാൽ, കോഴിക്കോടെ തിയേറ്ററുകളിലും ആരാധകരുടെ ഒഴുക്ക് (വീഡിയോ കാണാം)


സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ തിയേറ്ററുകളിൽ എത്തി കഴിഞ്ഞു. മൂന്ന് വാർഷത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാലിന്റെ ബി​ഗ് ബജറ്റ് ചിത്രം തിയേറ്ററിൽ എത്തിയ ആവേശത്തിലാണ് ആരാധകരും. ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാൻ മോഹൻലാലും എത്തിയിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കൊച്ചിയിലെ സരിതാ തീയേറ്ററിലാണ് മോഹന്‍ലാലും കുടുംബവും ചിത്രം കാണാൻ എത്തിയത്. ഒപ്പം ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. ആരാധകരുടെ ആവേശം നേരിട്ടു കണ്ട മോഹൻലാൽ അവർക്കൊപ്പമിരുന്ന് തന്നെ സിനിമ ആസ്വദിച്ചു.

ഏറെ പ്രത്യേകതകളുള്ള സിനിമയായതുകൊണ്ടാണ് ചിത്രം കാണാൻ നേരിട്ട് തിയറ്ററിലെത്തിയതെന്ന് മോഹൻലാൽ പറഞ്ഞു. സിദ്ദിഖ്, ഉണ്ണി മുകുന്ദൻ, ഹണിറോസ്, സന്തോഷ് കീഴാറ്റൂർ തുടങ്ങി നിരവധി താരങ്ങളും കൊച്ചി സരിത തിയറ്ററിൽ എത്തിയിരുന്നു.

റെക്കോർഡ് സൃഷ്ടിച്ചാണ് ചിത്രം ഡിസംബർ 2ന് ലോകവ്യാപകമായി റിലീസിനെത്തിയത്. റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബിൽ എത്തിയത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.കേരളത്തിലെ 631 സ്ക്രീനുകളിൽ 626ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്.

ലോകമാകമാനം 4100 സ്ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശനത്തിനെത്തിത്. റിലീസ് ദിനത്തില്‍ ആകെ 16,000 പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പേ ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. 2018 ഏപ്രില്‍ 28ന് പ്രഖ്യാപിച്ച ചിത്രമാണ് മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളില്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം എത്തുന്ന മോഹൻലാൽ ചിത്രം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സിനിമാസ്വാദകരും ആരാധകരും.

ചിത്രം പേരാമ്പ്ര അലങ്കാര്‍ മോവീസിലും പ്രദശനത്തിനുണ്ട്. രണ്ട് സ്‌ക്രീനിവുമായി അഞ്ച് ഷോയാണ് ഉള്ളത്.