തിമിരിപ്പാലത്തിനായി സമീപന റോഡ് നിർമിക്കാൻ സ്ഥലം നിർണ്ണയിച്ചു


പെരുവണ്ണാമൂഴി: പന്നിക്കോട്ടൂരിന് സമീപം നിർമ്മിക്കുന്ന തിമിരിപ്പാലത്തിനായി സമീപന റോഡ് നിർമ്മിക്കാൻ വേണ്ട സ്ഥലം നിർണ്ണയിച്ചു. പൊതുമരാമത്ത് പാലം വിഭാഗം അധികൃതരാണ് സർവേ നടത്തി സ്ഥലം നിർണയിച്ചത്.

ഒരേക്കറോളം സ്ഥലം സൗജന്യമായി വിട്ടുനൽകാൻ നേരത്തേ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ സ്ഥലമുടമകൾ തീരുമാനിച്ചിരുന്നു. ഇനി ഇത് രേഖാപരമായി സർക്കാരിന് വിട്ടുനൽകാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കണം. എട്ട് മീറ്റർ വീതിയിലാണ് സമീപന റോഡ് നിർമിക്കേണ്ടത്.

നിലവിലെ വീതികുറഞ്ഞ പാലത്തിന് 150 മീറ്ററോളം മാറിയാണ് പുതിയപാലം വരുക. ഒരുഭാഗത്ത് പന്നിക്കോട്ടൂർ ഭാഗത്തും മറുഭാഗത്ത് മീൻതുള്ളിപ്പാറ ഭാഗത്തുമാണ് സമീപനറോഡ് എത്തിച്ചേരുക. മീൻതുള്ളിപ്പാറ ഭാഗത്തേക്കുള്ള റോഡിനാണ് സ്വകാര്യസ്ഥലം വേണ്ടത്. ഇതിനായി വേണ്ട സ്ഥലമാണ് സർവേ നടത്തി അടയാളപ്പെടുത്തിയത്.

പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഷിനി, വടകര അസിസ്റ്റന്റ് എൻജിനിയർ കെ. ഷാജി, ഓവർസിയർമാരായ ബീന, അരുൺ, ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, പഞ്ചായത്തംഗം എം.എം. പ്രദീപൻ എന്നിവർ സ്ഥലപരിശോധനയ്ക്ക് നേതൃത്വം നൽകി.

കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെയുള്ള വീതികുറഞ്ഞ ഇപ്പോഴത്തെ തിമിരി പാലത്തിലൂടെ ചെറിയ വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നു പോകാനുള്ള സ്ഥലമേയുള്ളൂ. വർഷങ്ങൾക്കുമുമ്പ് നിർമിച്ചതാണീ പാലം. പുതിയ പാലം നിർമിക്കാൻ 8.44 കോടി രൂപയുടെ ഭരണാനുമതി നൽകി അടുത്തിടെ സർക്കാർ ഉത്തരവായിരുന്നു. പുതിയപാലം നിർമിക്കുന്നതോടെ കടിയങ്ങാട് -പെരുവണ്ണാമൂഴി റോഡിൽ കൂവപ്പൊയിലിൽനിന്ന് പന്നിക്കോട്ടൂർവഴി ചെമ്പനോട റോഡിലേക്ക് വാഹനയാത്രയ്ക്ക് നല്ല വഴിയൊരുങ്ങും.

പെരുവണ്ണാമൂഴി ടൗണിലെത്താതെ തന്നെ ചെമ്പനോട റോഡിലേക്ക് ഇതുവഴി പോകാനാകും. വനമേഖലയുള്ള ഭാഗമില്ലാതെ ഇതുവഴിയാത്ര ചെയ്യാമെന്നതാണ് പ്രധാന ഗുണം. ഇതേ പാതയിലുള്ള മൂത്തേട്ട് പുഴയ്ക്ക് കുറുകെയുള്ള പാലം 2019-ൽ നിർമാണം പൂർത്തിയാക്കിയതാണ്. തിമിരി പാലം കൂടി പൂർത്തിയായാൽ ഇതുവഴി നല്ലൊരു പാതയൊരുങ്ങും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.