തിമിരിപ്പാലം നിർമാണം: അപ്രോച്ച് റോഡ് നിർമിക്കാൻ സമീപവാസികൾ ഒരേക്കർ സ്ഥലം സൗജന്യമായി വിട്ടുനൽകും



പെരുവണ്ണാമൂഴി: പന്നിക്കോട്ടൂരിനുസമീപം തിമിരിപ്പാലം നിർമാണത്തിന്റെ ഭാഗമായി അപ്രോച്ച് റോഡൊരുക്കാൻ ഒരേക്കറോളം സ്ഥലം സമീപവാസികളിൽനിന്ന് സൗജന്യമായി ഏറ്റെടുക്കാൻ ധാരണ. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, വാർഡ് മെമ്പർ എം.എം. പ്രദീപൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അപ്രോച്ച് റോഡിന് വേണ്ട സ്ഥലം നിർണയിച്ച് 23 ന് കുറ്റിയടിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പാലത്തിന്റെ ഒരു ഭാഗത്തേ സമീപനറോഡിനായി സ്വകാര്യവ്യക്തികളിൽനിന്ന് സ്ഥലം ഏറ്റെടുക്കേണ്ടതുള്ളൂ. മറുവശത്ത് പുറമ്പോക്ക് ഭൂമിയുണ്ട്. എട്ടുമീറ്റർ വീതിയിൽ അപ്രോച്ച് റോഡ് നിർമിക്കാൻ പത്തോളം പേരുടെ സ്ഥലം ഏറ്റെടുക്കേണ്ടിവരും. നിലവിലെ വീതി കുറഞ്ഞ പാലത്തിന് 150 മീറ്ററോളം മാറിയാണ് പുതിയ പാലം നിർമിക്കുന്നത്. ഇതുവഴി പാലം കടന്നാൽ പറമ്പൽ മീൻതുള്ളിപ്പാറ ഭാഗത്തേക്കാണ് റോഡ് വഴിയെത്തുക.

കുറ്റ്യാടിപ്പുഴയ്ക്ക് കുറുകെയുള്ള വീതി കുറഞ്ഞ ഇപ്പോഴത്തെ തിമിരിപ്പാലത്തിലൂടെ ചെറിയ വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലമേയുള്ളൂ. വർഷങ്ങൾക്കുമുമ്പ് നിർമിച്ചതാണീ പാലം. പുതിയ പാലം നിർമിക്കാൻ 8.44 കോടി രൂപയുടെ ഭരണാനുമതി നൽകി അടുത്തിടെ സർക്കാർ ഉത്തരവായിരുന്നു. 2020-2021-ലെ ബഡ്ജറ്റിൽ ആറുകോടി വകയിരുത്തുകയും അതിന്റെ 20 ശതമാനം തുകയായ 1.2 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

പുതിയപാലം നിർമിക്കുന്നതോടെ കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിൽ കൂവ്വപ്പൊയിലിലിൽ നിന്ന് പന്നിക്കോട്ടൂർ വഴി ചെമ്പനോട റോഡിലേക്ക് വാഹനയാത്രയ്ക്ക് നല്ല വഴിയൊരുങ്ങും. പെരുവണ്ണാമൂഴി ടൗണിലെത്താതെ തന്നെ ചെമ്പനോട റോഡിലേക്ക് ഇതുവഴി പോകാനാകും.

വനമേഖലയുള്ള ഭാഗമില്ലാതെ ഇതുവഴി യാത്ര ചെയ്യാമെന്നതാണ് പ്രധാന ഗുണം. ഇതേ പാതയിലുള്ള മൂത്തേട്ട് പുഴയ്ക്കുകുറുകെയുള്ള പാലം 2019-ൽ നിർമാണം പൂർത്തിയാക്കിയതാണ്. തിമിരിപ്പാലംകൂടി പൂർത്തിയായാൽ ഇതുവഴി നല്ലൊരു പാതയൊരുങ്ങും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.