തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലേക്ക് സന്ദർശകരുടെ കുത്തൊഴുക്ക് കൂടുന്നു: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചെന്ന് അധികൃതർ


തിക്കോടി: തിരക്കേറിയ തിക്കോടി ഡ്രൈവിംഗ് ബീച്ച് സന്ദർശകർ എത്തുന്നത് തടയുന്നതിനായി പോലീസ് അടച്ചു. കോവിഡ് വ്യാപനത്തിന് ഭാഗമായി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിക്കോടി ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞത്. വിശേഷദിവസങ്ങളിലും ഞായറാഴ്ചകളിലും അനിയന്ത്രിതമായ വിധത്തിലായിരുന്നു ഇവിടേക്ക് സന്ദർശകരുടെ ഒഴുക്ക്.

നിരവധി സ്ഥലങ്ങളിൽ നിന്നാണ് ഇവിടേക്ക് വിനോദസഞ്ചാരികൾ എത്താറുള്ളത്. പലഘട്ടത്തിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ടൂറിസം ഭൂപടത്തിൽ ഇടം നേടിയതിന്റെ ഭാഗമായാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ബീച്ചിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങൾ ആരംഭിച്ചത്. തിക്കോടി ഡ്രൈവ് ഇൻ ബീച്ച്, അകലാപ്പുഴ ടൂറിസം പദ്ധതി, തുടങ്ങിയവ തിക്കോടി പഞ്ചായത്തിനു തന്നെ വലിയ മുതൽകൂട്ടായി മാറുകയാണ്.