തിക്കോടി ഡ്രൈവ്-ഇന്‍ ബീച്ച് കാണാനെത്തിയ കുട്ടികള്‍ കടലില്‍ കളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു; അപകടം വേലിയേറ്റത്തെ തുടര്‍ന്ന് വെള്ളം കയറിയപ്പോള്‍; ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (Watch Video)
തിക്കോടി: തിക്കോടി ഡ്രൈവ് ഇന്‍ ബീച്ച് കാണാനെത്തിയ കുട്ടികള്‍ കടലില്‍ കളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു. വേലിയേറ്റ സമയത്ത് കടല്‍ വെള്ളം കയറിയതിനെതുടര്‍ന്നായിരുന്നു അപകടം. പരിസരവാസികളും ബീച്ച് കാണാനെത്തിയവരും ചേര്‍ന്ന് കടലില്‍ വീണ കുട്ടികളെ രക്ഷപ്പെടുത്തി. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
ഈ സമയത്ത് നിരവധി കുട്ടികള്‍ കടല്‍ത്തീരത്ത് കളിക്കുന്നുണ്ടായിരുന്നു. പയ്യോളി അങ്ങാടി സ്വദേശികളായ മൂന്ന് കുട്ടികളാണ് അപകടത്തില്‍ പെട്ടത്. റിസ (10), സിയാന്‍ (10), മുഹമ്മദ് (13) എന്നീ കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.
ഇവരില്‍ ഒരാളുടെ ശ്വാസകോശത്തില്‍ വെള്ളം കയറിയതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കി രണ്ട് കുട്ടികള്‍ക്കും കുഴപ്പങ്ങളൊന്നുമില്ല. ആരോഗ്യനില തൃപ്തികരമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് നാളെ തന്നെ വീട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ബന്ധുവായ അക്ബര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
തിക്കോടി ബീച്ചിന് സമീപം താമസിക്കുന്ന അക്ബറിന്റെ വീട്ടിലെത്തിയതായിരുന്നു ബന്ധുക്കളായ കുട്ടികള്‍. തുടര്‍ന്ന് ഇന്നലെ വൈകീട്ട് ഡ്രൈവ്-ഇന്‍ ബീച്ചിലേക്ക് പോയപ്പോഴായിരുന്നു അപകടം.
ബീച്ച് കാണാനെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന ഒരാളുടെ ക്യാമറയില്‍ കുട്ടികള്‍ അപകടത്തില്‍ പെടുന്നതിന്റെയും രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു.
വലിയ തിരകള്‍ ഇല്ലാത്ത, താരതമ്യേന സുരക്ഷിതമായ ബീച്ചാണ് തിക്കോടി ഡ്രൈവ്-ഇന്‍ ബീച്ച് എങ്കിലും ഇതുപോലെ അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണ് എന്ന് അക്ബര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഓരോ ദിവസവും ബീച്ച് കാണാനെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ സുരക്ഷയൊരുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കാണാം:
(വീഡിയോക്ക് കടപ്പാട്: Hamdhanz vlog)