തിക്കോടി കോടിക്കൽ കടപ്പുറത്ത് വിനോദസഞ്ചാരികളുടെ കാർ കടലിൽ താഴ്ന്നു


പയ്യോളി: തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ കാർ കടലിൽ താഴ്ന്നു. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കായിരുന്നു സംഭവം. കോടിക്കൽ ഡ്രൈവിംഗ് ബീച്ചിൽ വിനോദ സഞ്ചാരത്തിനെത്തിയവർ സഞ്ചരിച്ച കാറാണ് കടലിൽ താഴ്ന്നത്.

രണ്ട് മണിക്കൂറോളം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ കരിയലെത്തിച്ചത്. വേലിയിറക്ക സമയത്ത് കടലിൽ ഇറക്കിയ കാർ മണലിൽ പതിഞ്ഞു പോവുകയായിരുന്നു. വേലിയേറ്റത്തിൽ വെള്ളം കയറാൻ തുടങ്ങിയതോടെ കാർ കടലിൽ കുടുങ്ങി.

ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് യൂണിറ്റ് എത്തി. വൈകീട്ട് 7 മണിയോടെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കമ്പക്കയർ ഉപയോഗിച്ച് വലിച്ച് കാർ കരയിലെത്തിക്കുകയായിരുന്നു.

കോഴിക്കോട് പടനിലത്തു നിന്നെത്തിയ കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്. ജില്ലയിലെ അറിയപ്പെടുന്ന ഡ്രൈവിംഗ് ബീച്ചായ തിക്കോടി കോടിക്കൽ ബീച്ചിൽ നിരവധി സഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്. എന്നാൽ ഇവർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാൻ അധികാരികൾ തയ്യാറാവുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.