തിക്കോടി ആവിപ്പാലത്തിന് ഇന്ന് ജനകീയ ഉദ്ഘാടനം


തിക്കോടി: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ആവിപ്പാലം അപ്രോച്ച് റോഡ് ഇന്ന് ഗതാഗതത്തിനായി തുറന്ന് കൊടുക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ ഔദ്യോഗിക ചടങ്ങുകളില്ലാതെ ജനകീയ ഉദ്ഘാടനമാണ് നടക്കുക.

ആവിപ്പാലം നിർമ്മാണം പൂർത്തിയായി വർഷങ്ങൾ ആയെങ്കിലും സ്വകാര്യ വ്യക്തിയുടെ എതിർപ്പിനെ തുടർന്ന് അപ്രോച്ച് റോഡ് നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല. പഞ്ചായത്തിനെതിരെ ഇയാൾ കേസ് കൊടുത്തെങ്കിലും കോടതി വിധി പഞ്ചായത്തിനനുകൂലമായിരുന്നു.

ഒടുവിൽ കെ.ദാസൻ എം.എൽ.എയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നിരന്തരമായ ഇടപെടലുകൾക്കൊടുവിലാണ് പ്രശ്ന പരിഹാരത്തിന് വഴിതുറന്നതും, പഞ്ചായത്തിനെതിരെ നൽകിയ കേസ് പിൻവലിക്കാൻ ഉടമ തയ്യാറായതും. തുടർന്ന് എം.എൽ.എയുടെ നിർദേശപ്രകാരം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് അപ്രോച്ച് റോഡിന് 88 ലക്ഷം രൂപ അനുവദിക്കുകയും പണി പൂർത്തീകരിക്കുകയുമായിരുന്നു.