തിക്കോടിയിൽ കാർ നിയന്ത്രണംവിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്


തിക്കോടി: കാർ നിയന്ത്രണം വിട്ട് ബസ്‌ സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്കേറ്റു. തിക്കോടി പഞ്ചായത്തിന് മുമ്പിലുള്ള ബസ്‌ സ്റ്റോപ്പിലേക്കാണ് കാർ പാഞ്ഞുകയറിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. ഇവിടെ ബസ്‌ കാത്തിരിക്കുകയായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെട്ടു.

കൊയിലാണ്ടി ഭാഗത്തുനിന്നും വന്ന കാർ ഒരു സ്കൂട്ടറും വൈദ്യുതി പോസ്റ്റും തകർത്താണ് എതിർദിശയിലുള്ള ബസ്‌ സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്. കാർയാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കോൺഗ്രസ് നേതാവ് പി.മുഹമ്മദിന്റെ പേരിലുള്ള ബസ് സ്റ്റോപ്പ് പൂർണമായും തകർന്നു.