തിക്കോടിയില്‍ മുളകുപൊടി വിതറി 1.8 ലക്ഷം രൂപ മോഷ്ടിച്ച സംഭവം; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പയ്യോളി പൊലീസ്


പയ്യോളി: തിക്കോടിയില്‍ മുളക് പൊടി വിതറി പണം മോഷ്ടിച്ച സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പയ്യോളി പൊലീസ്. തിങ്കളാഴ്ച രാത്രിയാണ് സ്‌കൂട്ടറില്‍ വരികയായിരുന്ന പെയിന്റിങ് തൊഴിലാളിയുടെ പണം രണ്ട് പേര്‍ തട്ടിയെടുത്തത്.

പാലൂര്‍ മുതിരക്കാല്‍ മുക്കില്‍ എരവത്ത് താഴെ കുനി സത്യന്റെ (50) പണമാണ് മോഷ്ടാക്കള്‍ പിടിച്ചു പറിച്ചത്. സത്യന്‍ നടത്തുന്ന കുറിയുടെ പണം അംഗങ്ങളില്‍ നിന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

തിക്കോടിയില്‍ നിന്ന് പാലൂരിലേക്ക് പോകുമ്പോള്‍ പാലൂര്‍ ക്ഷേത്രത്തിന് സമീപം തെരുവ് വിളക്ക് ഇല്ലാത്ത ഭാഗത്ത് എത്തിയപ്പോഴാണ് സത്യന് നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സത്യന് നേരെ മോഷ്ടാക്കള്‍ മുളക് പൊടി എറിയുകയും സ്‌കൂട്ടര്‍ മറിച്ചിടുകയും ചെയ്തു.

തുടര്‍ന്ന് സത്യന്റെ കഴുത്തിന് കുത്തിപ്പിടിച്ച് പോക്കറ്റിലുണ്ടായിരുന്ന 1,80,000 രൂപ ഇവര്‍ തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. പണം കൈക്കലാക്കിയ ശേഷം ഇവര്‍ രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ചാണ് ഇരുവരും ആക്രമണം നടത്തിയത്.

കഴുത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് അല്‍പ്പനേരത്തേക്ക് സത്യന് ശബ്ദം നഷ്ടമായി. പിന്നീട് അതുവഴി വന്ന വാഹനത്തിലെ യാത്രക്കാരാണ് സത്യനെ സഹായിച്ചത്.

സമീപത്തെ വീട്ടില്‍ പോയി മുളക് പൊടി കഴുകിക്കളഞ്ഞ ശേഷം ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി വൈകി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോയി ചികിത്സ തേടി. ഇതിന് ശേഷമാണ് സത്യന്‍ പയ്യോളി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സംഭവം നടന്ന സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സ്ഥലത്തും സത്യന്‍ ധരിച്ച ഹെല്‍മറ്റിലും മുളക്‌പൊടി കണ്ടെത്തിയിട്ടുണ്ട്.

പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്നും പയ്യോളി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.