തിക്കോടിയില്‍ കനത്ത ജാഗ്രത, അഞ്ചര വയസുകാരിയുടെ മരണം ഷിഗല്ല രോഗബാധയെ തുടര്‍ന്നെന്ന് ആരോഗ്യവകുപ്പ്


പയ്യോളി: തിക്കോടിയില്‍ കഴിഞ്ഞ ദിവസം അഞ്ചര വയസ്സുള്ള കുട്ടി മരിച്ച സംഭവം ഷിഗെല്ല രോഗ ബാധയെ തുടര്‍ന്നെന്ന് ആരോഗ്യ വകുപ്പ്. പ്രദേശത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചു. കോഴിക്കോട് ഡി.എം.ഒ ഡോ.പീയുഷ് നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശ പ്രകാരം യോഗം വിളിച്ച് ചേര്‍ത്തു.

പയ്യോളിയിലും, തിക്കോടിയിലും വയറിളക്ക രോഗങ്ങള്‍ വ്യാപകമായതിനാലും പയ്യോളിയില്‍ നിന്ന് വിതരണം ചെയ്യുന്ന സിപ്പപ്പില്‍ നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പയ്യോളി നഗരസഭ പരിധിയില്‍ സിപ്പപ്പ് നിരോധിക്കും. എല്ലാ കൂള്‍ബാറുകളിലും പാതയോരങ്ങളിലെ തട്ടുകടകളിലും പരിശോധനയുണ്ടാവും.

നഗരസഭ ആരോഗ്യ വിഭാഗം, ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം, മേലടി സാമൂഹിക ആരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ബൈജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി.ഫാത്തിമ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.അബ്ദുറഹിമാന്‍, സുജല ചെത്തില്‍, മഹിജ എളോടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഇ.കെ.ജീവരാജ്, ടി.പി.പ്രജീഷ്‌കുമാര്‍, കെ.പി.മിനി, ജെ.എച്ച്.ഐമാരായ ടി.കെ.അശോകന്‍, വി.എം.ഷിജി, പി.മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

അതേസമയം പയ്യോളിയിലെ സിപ്പപ്പ്, ഐസ് ക്രീം മൊത്ത വിതരണ ഏജന്‍സിയില്‍ നിന്നുള്ള സിപ്പപ്പില്‍ നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊത്ത വിതരണ സ്ഥാപനം അടപ്പിച്ചു. നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്ഥാപനം അടച്ചത്. കൊയിലാണ്ടി ഫുഡ് ഇന്‍സ്‌പെക്ടര്‍ ഫെബിന സ്ഥാപനം പരിശോധിച്ച് സാമ്പിളുകള്‍ ശേഖരിച്ച് സര്‍ക്കാര്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.