താമരശ്ശേരി ചെമ്പ്രയില്‍ പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്; യുവാവ് പാറക്കെട്ടില്‍ കുടുങ്ങി കിടന്നത് ഒരു രാത്രി മുഴുവന്‍



കോഴിക്കോട്: താമരശ്ശേരി ചെമ്പ്രയില്‍ പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ചെമ്പ്ര സ്വദേശി വിജീഷാണ് ക്വാറിയിലെ പാറകള്‍ക്കിടയില്‍ കുടുങ്ങിയത്. വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ ക്വാറിയില്‍ എത്തിയത്. രാത്രി മുഴുവന്‍ പാറക്കെട്ടിനുള്ളില്‍ കുടുങ്ങിക്കിടന്നു.

വെള്ളിയാഴ്ച ഉച്ചയോടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് രണ്ടു കാലുകള്‍ മാത്രം പുറത്തേക്ക് കാണുന്ന രീതിയില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിജീഷിനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. നരിക്കുനിയില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ പി ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇയാള്‍ എങ്ങനെയാണ് ഇത്തരത്തില്‍ പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയതെന്ന് വ്യക്തമായിട്ടില്ല.

വലിയ പാറക്കല്ലുകള്‍ നീക്കം ചെയ്ത് ശേഷം മറ്റു കല്ലുകള്‍ കയറിട്ട് ബന്ധിപ്പിച്ച് സാഹസികമായാണ് ഇയാളെ പുറത്തെത്തിച്ചത്. അവശനായ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ ടി പി രാമചന്ദ്രന്‍, കെ കെ രമേശന്‍ സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ എന്‍ ഗണേശന്‍, ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍മാരായ എ നിപിന്‍ദാസ്, ഒ അബ്ദുള്‍ ജലീല്‍, ടി സനൂപ്, എം പി രജിന്‍, കെ രഞ്ജിത്, എം അനീഷ്, കെ കെ അനൂപ്, ഹോം ഗാര്‍ഡ് കെ സുജിത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.