താമരശ്ശേരി ചുരത്തിൽ വീണ്ടും റോഡ് ഇടിഞ്ഞു


താമരശ്ശേരി: ചുരം റോഡിൽ ഒമ്പതാം വളവിനു താഴെ തകരപ്പാടിക്കടുത്ത് വീണ്ടും റോഡ് ഇടിഞ്ഞു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് എട്ട് മീറ്ററോളം റോഡ് ഇടിഞ്ഞ് താഴ്ന്നിരുന്നു. അതിന്റെ ഭാഗമായി രൂപപ്പെട്ട ഗർത്തം നികത്താനായി കോൺക്രീറ്റ് ജോലി ചെയ്യുന്നതിനിടെയാണ് വീണ്ടും റോഡ് ഇടിഞ്ഞത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഇതേത്തുടർന്ന് ഏറെ നേരം ചുരത്തിലെ ഗതാഗതം തടസ്സപ്പെട്ടു. ചെറിയ വാഹനങ്ങൾ വൺവേ ആയാണ് ഇപ്പോൾ കടത്തി വിടുന്നത്. നേരത്തെ റോഡ് ഇടിഞ്ഞതിനെത്തുടർന്ന് ചുരത്തിൽ മാർച്ച് അഞ്ചുവരെ വലിയ വാഹനങ്ങൾ നിരോധിച്ച് കളക്ടർ ഉത്തരവിറക്കിയിരുന്നു.

എന്നാൽ നിരോധനം നിലനിൽക്കെതന്നെ വലിയ വാഹനങ്ങൾ രാത്രികാലങ്ങളിൽ ഇതിലെ കടന്നുപോവുന്നതായി നാട്ടുകാർ പറഞ്ഞു. റോഡ് ഇടിയുന്നതിനു മുമ്പ്‌ രാത്രി 10 മണിക്കുശേഷം വലിയ വാഹനങ്ങൾ കടത്തിവിട്ടിരുന്നു.

പോലീസ് രാത്രി പരിശോധന കർശനമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. റോഡിന്റെ ചെങ്കുത്തായ വശം ഇടിഞ്ഞതിനാൽ ഇവിടം കോൺക്രീറ്റ് ചെയ്ത് ഉയർത്തി മണ്ണുനിറച്ച ശേഷമേ റോഡ് പൂർവസ്ഥിതിയിലാക്കാൻ കഴിയൂ. കോൺക്രീറ്റിങ് നടക്കുന്നതിനിടെ വലിയ വാഹനങ്ങൾ കടന്നുപോയാൽ റോഡ് വീണ്ടും ഇടിയാനും നവീകരണം നീണ്ടുപോവാനുമാണ് സാധ്യത.

നിലവിൽ മാർച്ച് അഞ്ചുവരെ 15 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്കു വാഹനങ്ങൾക്കും സ്കാനിയ ബസുകൾക്കുമാണ് പൂർണനിരോധനം.