താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ട് നാല് യുവാക്കള്‍ റോഡില്‍ ചോര വാര്‍ന്ന് കിടന്നത് മണിക്കൂറുകള്‍; ഒരു ജീവന് നഷ്ടമായി, ആശുപത്രിയിലെത്തിച്ചത് പൊലീസുകാര്‍
വൈത്തിരി: ചുരം ഒമ്പതാം വളവിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് യുവാക്കള്‍ റോഡില്‍ ചോര വാര്‍ന്ന് കിടന്നത് മണിക്കൂറുകള്‍.
ഇടിയുടെ ആഘാതത്തിൽ രണ്ടുപേർ കാറിനുള്ളിലും രണ്ടുപേർ റോഡിലും പരിക്കേറ്റ് കിടന്നിട്ടും ഇതുവഴി പോയ ആരും ഇവരെ ആശുപത്രിയിലേക്ക് മാറ്റാനായി ശ്രമിച്ചില്ല.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. അപകടത്തില്‍ കൊടുവള്ളി സ്വദേശി റംഷിത്ത് മരിച്ചു. വയനാട് ഭാഗത്ത് നിന്ന് വന്ന കാര്‍ ചുരം കയറി വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്താൻ വൈകിയതാണ് ഒരു ജീവൻ നഷ്ടപ്പെടുന്നതിന് ഇടയാക്കിയത്.
അപകടം സംഭവിച്ചവരെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയാറാവുന്നില്ല എന്ന വിവരം ലക്കിടിയിൽ പട്രോളിങ്ങിനിടെ ഒരു വാഹന യാത്രക്കാരൻ പൊലീസിനു കൈമാറി. പിന്നാലെയാണ് വൈത്തിരി എസ്.ഐ രാംകുമാറും ഡ്രൈവർ ഷാജഹാനും സംഘവും സംഭവ സ്ഥലത്ത് എത്തുന്നത്. കൂടെയുണ്ടായിരുന്ന വരെ പരുക്കുളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.