താമരശ്ശേരിയിൽ കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ


താമരശ്ശേരി: സ്വകാര്യ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കുമാരനല്ലൂർ പാറത്തോട് പാറയിൽ വീട്ടിൽ ജോർജ് (62), മലപ്പുറം അരീക്കാട് സാഗരികയിൽ സുധി (40) എന്നിവരെയാണ് പീടികപ്പാറ സെക്‌ഷനിലെ വനപാലകർ പിടികൂടിയത്.

തന്റെ കൃഷിയിടത്തിൽ ചൊവ്വാഴ്ച പുലർച്ചെയിറങ്ങിയ കാട്ടുപന്നിയെ സുധിയുടെ പേരിലുള്ള തോക്കുപയോഗിച്ച് ജോർജ് വെടിവെച്ച് കൊലപ്പെടുത്തുകയും അത് ഇറച്ചിയാക്കുകയും ചെയ്‌തെന്നതാണ് കേസ്. ഇദ്ദേഹത്തിന്റെ വീടിന്റെ പിറകുവശത്തുനിന്ന് 15 കിലോയോളം കാട്ടുപന്നിയിറച്ചിയും തോക്കും കണ്ടെടുത്തതായി പീടികപ്പാറ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എ. പ്രസന്നകുമാർ അറിയിച്ചു.

താമരശ്ശേരി ജെ.എഫ്.സി.എം. കോടതി (രണ്ട്) യിൽ ഹാജരാക്കിയ ഇരുവരെയും കോടതി ജാമ്യത്തിൽ വിട്ടയച്ചു. കാട്ടുപന്നിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയതായി താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ്കുമാറിന് ശബ്ദസന്ദേശം ലഭിച്ചതിനെത്തുടർന്നാണ് വനപാലകർ അന്വേഷണവുമായി രംഗത്തെത്തിയത്. കാട്ടുപന്നിയെ വേട്ടയാടിയതായി വ്യക്തമായതിനെത്തുടർന്ന് തോക്കിന്റെ ഉടമയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പീടികപ്പാറ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എ. പ്രസന്നകുമാർ, ഗ്രേഡ് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജലീസ്, പ്രശാന്തൻ, വാച്ചർ മുഹമ്മദ് എന്നിവരുൾപ്പെട്ട വനപാലകസംഘമാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.