താമരശ്ശേരിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വീടിന്റെ ഗെയ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു


കോഴിക്കോട്: താമരശ്ശേരി ചുടലമുക്കില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വീടിന്റെ ഗെയ്റ്റില്‍ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ഓമശ്ശേരി വേനപ്പാറ അമ്പലത്തിങ്ങല്‍ കണ്ണന്‍കോടുമ്മല്‍ രാജുവാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ താമരശ്ശേരി താലൂക്ക് ആശുപതിയിലെത്തിച്ചെങ്കിലും
രക്ഷിക്കാനായില്ല.

ഓമശ്ശേരി ഭാഗത്ത് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയില്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. ബിച്ചാകന്റെയും ദേവകിയുടെയും മകനാണ് രാജു. ഭാര്യ: ഓമന. മക്കള്‍: അനാമിക, അനഘ.

കോഴിക്കോട് ജില്ലയില്‍ ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുകയാണ്. സ്‌കൂട്ടര്‍ യാത്രികരാണ് കൂടുതലും മരണപ്പെടുന്നത്. അമിത വേഗതകാരണം നിയന്ത്രണം കൈവിടുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്.