തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി; ബിജെപി നേതാവിന് ലഭിച്ചത് ഒറ്റ വോട്ട്; വീട്ടില്‍ അഞ്ചു വോട്ട്, വിശദീകരണവുമായി സ്ഥാനാര്‍ഥി ഡി.കാര്‍ത്തിക്


ചെന്നൈ: ഒറ്റവോട്ട് നേടി ട്വിറ്ററില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു ബിജെപി നേതാവ്. കോയമ്പത്തൂരിലെ പെരിയനായ്ക്കന്‍പാളയം യൂണിയനില്‍ വാര്‍ഡ് മെമ്പറാകാന്‍ മത്സരിച്ച ഡി.കാര്‍ത്തിക്കിനാണ് ഒരു വോട്ട് ലഭിച്ചത്. എന്നാൽ, കാര്‍ത്തിക്കിന്റെ വീട്ടിലുള്ള അഞ്ചു വോട്ടുകളുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.

സിംഗിള്‍ വോട്ട് ബിജെപി എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങിലാണിപ്പോള്‍ കാര്‍ത്തിക്. ‘തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരേയൊരു വോട്ട്. മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ച അദ്ദേഹത്തിന്റെ വീട്ടിലുള്ള ആ നാലുപേരെ ഓര്‍ത്ത് അഭിമാനിക്കുന്നു’ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ ചിത്രങ്ങളടക്കം കാര്‍ത്തിക്കിന്റെ പ്രചാരണ പോസ്റ്ററുകളിലുണ്ടായിരുന്നു. ഒപ്പം പോസ്റ്ററിലുണ്ടായിരുന്ന പ്രാദേശിക ബിജെപി നേതാക്കളുടെ വോട്ട് ആര്‍ക്കു പോയെന്നാണ് ചോദ്യമുയരുന്നത്.

കോയമ്പത്തൂര്‍ ജില്ലാ യുവമോര്‍ച്ച ഉപാധ്യക്ഷന്‍ കൂടിയായ കാര്‍ത്തിക് സംഭവത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ വിശദീകരണം ഇതാണ്. ‘ഞാന്‍ ബിജെപിക്കു വേണ്ടി മത്സരിച്ചിട്ടില്ല. സ്വതന്ത്രനായിട്ടായിരുന്നു മത്സരിച്ചത്. തനിക്കും കുടുംബാംഗങ്ങള്‍ക്കും വോട്ട് മത്സരിച്ച വാര്‍ഡില്‍ വോട്ടുണ്ടായിരുന്നില്ല. മറ്റൊരു വാര്‍ഡിലായിരുന്നു വോട്ട്. തെറ്റായിട്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ തന്നെ ട്രോളുന്നത്’ കാര്‍ത്തിക് പറഞ്ഞു.

തമിഴ്‌നാട്ടിലെ ഒമ്പത് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഈ മാസം ആറ്, ഒമ്പത് തിയതികളിലായി തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും ഭരണകക്ഷിയായ ഡിഎംകെ മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്.