തമിഴ്‌നാട്ടിലും നിപ സ്ഥിരീകരിച്ചെന്നത് വ്യാജവാര്‍ത്ത


കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന എ.എന്‍.ഐയുടെ റിപ്പോര്‍ട്ട് വ്യാജവാര്‍ത്തയെന്ന് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ഡോ. ജി.എസ് സമീരന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇതുസംബന്ധിച്ച എ.എന്‍.എയുടെ ട്വീറ്റ് അടിസ്ഥാനമാക്കിക്കൊണ്ട് മലയാളത്തിലെയടക്കം നിരവധി മാധ്യമങ്ങള്‍ തമിഴ്‌നാട്ടില്‍ നിപയെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു.

കോയമ്പത്തൂരില്‍ ഒരു നിപ കേസ് കണ്ടെത്തിയെന്ന് കലക്ടര്‍ പറഞ്ഞെന്നായിരുന്നു എ.എന്‍.ഐയുടെ വാര്‍ത്ത. ‘ ഇത് തെറ്റായ വിവരമാണ്. കേരളത്തിലെ കോഴിക്കോട് ഒരു നിപ കേസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കോയമ്പത്തൂര്‍ അതിര്‍ത്തിയില്‍ ആവശ്യമായ മുന്‍കരുതലുകളെല്ലാം ഞങ്ങള്‍ എടുക്കുന്നുണ്ടെന്നാണ് ഞാന്‍ എ.എന്‍.ഐയോട് പറഞ്ഞത്. തെറ്റായവിവരം ആളുകളില്‍ ഭീതിപടര്‍ത്തുന്നതിനുമുമ്പ് എ.എന്‍.ഐ ട്വീറ്റ് ഡിലീറ്റ് ചെയ്യണം” എ.എന്‍.ഐയുടെ ട്വീറ്റ് ടാഗ് ചെയ്തുകൊണ്ട് കലക്ടര്‍ ട്വീറ്റു ചെയ്തു.

നിപ സ്ഥിരീകരിച്ചെന്ന ട്വീറ്റ് അല്പസമയം മുന്‍പ് എ.എന്‍.ഐ ഡിലീറ്റ് ചെയ്തിട്ടുണ്ട്.