കൊയിലാണ്ടിയിൽ പോളിംഗ് ഓഫീസർക്ക് തപാല്‍ ബാലറ്റ് നിഷേധിച്ചു; അധ്യാപിക ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി


കൊയിലാണ്ടി: കൊയിലാണ്ടിയിൽ പോളിംഗ് ഓഫീസർക്ക് വോട്ടവകാശം നിരസിച്ചതായി പരാതി. നടപടി ആവശ്യപ്പെട്ട് അധ്യാപിക സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. കണ്ണൂര്‍ തോട്ടട എല്‍.പി.സ്‌കൂളിലെ അധ്യാപികയായ കൊയിലാണ്ടി പാവുവയലില്‍ സുവര്‍ണ്ണ ചന്ദ്രോത്ത് ആണ് പരാതി നല്‍കിയത്.

കണ്ണൂര്‍ പേരാവൂര്‍ മണ്ഡലത്തിലെ ’66- A- ബൂത്തില്‍ പോളിംഗ് ഓഫീസറായിരുന്നു സുവര്‍ണ്ണ. പേരാവൂര്‍ ഹെയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ഇലക്ഷന്‍ ക്ലാസില്‍ നേരിട്ട് തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയിരുന്നു. കൊയിലാണ്ടി മണ്ഡലത്തിലെ 92-ാം നമ്പര്‍ ബൂത്തില്‍ 219 നമ്പര്‍ ക്രമനമ്പറിലാണ് ഇവരുടെ വോട്ട്. പക്ഷേ പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ല.

ഇതിനെ തുടര്‍ന്ന് 29-03-2021 ന് പേരാവൂര്‍ റിട്ടേണിംഗ് ഓഫീസറുമായി ബന്ധപ്പെട്ടപ്പോള്‍ അപേക്ഷ കോഴിക്കോട് കലക്ടറേറ്റിലെക്ക് അയച്ചതായാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് കൊയിലാണ്ടി ആര്‍.ഒ.യുമായി ബന്ധപ്പെട്ടപ്പോള്‍ നിരസിക്കപ്പെട്ട ലിസ്റ്റിലാണ് അപേക്ഷയെന്നായിരുന്നു മറുപടി ലഭിച്ചത്. പോളിംഗ് ഓഫീസർ എന്ന നിലയ്ക്ക് ഡ്യൂട്ടി നിർവ്വഹിച്ച തനിക്ക്, കൃത്യമായ അപേക്ഷ നൽകിയിട്ടും അർഹതപ്പെട്ട പോസ്റ്റൽ ബാലറ്റ് അനുവദിക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാണ് സുവർണ്ണ ചന്ത്രോത്തിന്റെ ആവശ്യം.