തന്റെ മുന്‍ഭാര്യയെന്ന് കരുതി യുവാവ് ബാങ്കില്‍ കയറി ജീവനക്കാരിയെ വെട്ടി; സംഭവം നന്മണ്ട സഹകരണ ബാങ്കില്‍; ദൃക്‌സാക്ഷി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


നന്മണ്ട: ബാങ്കില്‍ കയറി തന്റെ മുന്‍ഭാര്യയാണെന്ന് കരുതി യുവാവ് ജീവനക്കാരിയെ വെട്ടി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നന്മണ്ട സഹകരണ ബാങ്കിലാണ് സംഭവം. പരുക്കേറ്റ ജീവനക്കാരിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നന്മണ്ട സ്വദേശി ബിജു മാക്കടമ്പത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ബാങ്കിലെ ജീവനക്കാരിയായ ശ്രീഷ്മ മാവൂരുകണ്ടിയ്ക്കാണ് വെട്ടേറ്റതെന്ന് സംഭവത്തിനു ദൃക്‌സാക്ഷിയായ നന്മണ്ട ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറി പ്രിയരഞ്ജന്‍ ദാസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ബിജുവിന്റെ ആദ്യ ഭാര്യ ഈ ബാങ്കില്‍ ജീവനക്കാരിയാണ്. ബിജുവുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയ ആദ്യഭാര്യ മറ്റൊരു വിവാഹം കഴിച്ച് കുടുംബസമേതം ജീവിക്കുകയാണ്. ഇവരും ശ്രീഷ്മയും തമ്മില്‍ നല്ല രൂപസാദൃശ്യമുണ്ടെന്നും ഇവരാണെന്ന് കരുതിയാണ് ശ്രീഷ്മയെ ഇയാള്‍ ആക്രമിച്ചതെന്നാണ് അറിഞ്ഞതെന്നും പ്രിയരഞ്ജന്‍ ദാസ് പറയുന്നു.

ശ്രീഷ്മയുടെ കയ്യില്‍ രണ്ടിടത്ത് വെട്ടേറ്റിട്ടുണ്ട്. മൂന്നാമത് കഴുത്തിന് വെട്ടാന്‍ ശ്രമിക്കവെ ബാങ്കിലെ ജീവനക്കാര്‍ എത്തി പ്രതിയെ പിടിച്ചുമാറ്റുകയായിരുന്നു. സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബാലുശേരി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ബാങ്കിലെ ജീവനക്കാരുടെയും പ്രതിയുടെയും മൊഴിയെടുക്കുമെന്നും അതിനുശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അവര്‍ അറിയിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.