തനിക്ക് ഒരു തവണ കൂടി അവസരം നല്‍കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ ഭിന്നത. വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍, തനിക്ക് ഒരു തവണ കൂടി അവസരം നല്‍കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഐ ഗ്രൂപ്പിലെ 11 എംഎല്‍എമാരില്‍ 5 പേരുടെ പിന്തുണ ചെന്നിത്തലയ്ക്കുണ്ട്. ഹൈക്കമാന്റ് പ്രതിനിധികളായ മല്ലികാര്‍ജുന ഖാര്‍ഗെ, വി. വൈത്തിലിംഗം എന്നിവരുടെ സാന്നിധ്യത്തിലാണ് 21 അംഗ നിയമസഭാകക്ഷി യോഗം നടക്കുന്നത്. നിയമസഭാ കക്ഷി നേതൃസ്ഥാനത്തും സംഘടനാ തലപ്പത്തും നേതൃമാറ്റം വേണമെന്ന് ഇതിനോടകം പലരും ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി ഇടതുമുന്നണി പരീക്ഷണത്തിന് തയാറാകുമ്പോള്‍ പ്രതിപക്ഷ നേതൃനിരയിലും പുതുമ വേണമെന്ന ചിന്ത ഹൈക്കമാന്റിന് ഉണ്ടെന്നാണ് സൂചന. ഗ്രൂപ്പ്, സാമുദായ സമവാക്യങ്ങള്‍ക്കപ്പുറം സംഘടനയെ ചലിപ്പിക്കാനും നഷ്ടപ്രതാപം വീണ്ടെടുക്കാനും ഉതകുന്നവിധത്തില്‍ കേരളത്തില്‍ പൊളിച്ചെഴുത്തിന് കേന്ദ്രനേതൃത്വം തയാറാകുമെന്നും സൂചനകളുണ്ട്.