തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ അജ്ഞാതർ ഉപേക്ഷിച്ചത് രാമനാട്ടുകരയ്ക്കടുത്ത്; വിട്ടയച്ചത് മോചനദ്രവ്യം നൽകിയതിനെ തുടർന്ന്


നാദാപുരം: തൂണേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ അജ്ഞാതസംഘം ഉപേക്ഷിച്ചത് രാമനാട്ടുകരയ്ക്കടുത്ത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ ബിസിനസുള്ള എം.ടി.കെ. അഹമ്മദിനെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ മോചിപ്പിച്ചത്.

കണ്ണും കൈകാലുകളും കെട്ടിയിട്ട നിലയിൽ രാമനാട്ടുകരയ്ക്കടുത്ത് തന്നെ ഇറക്കിവിടുകയായിരുന്നുവെന്ന് അഹമ്മദ് പറഞ്ഞു. റൂമിൽനിന്ന് ഇറക്കിക്കൊണ്ടുവന്നതിനുശേഷം ഒന്നരമണിക്കൂറോളം വാഹനത്തിൽ സഞ്ചരിച്ചതായാണ് അഹമ്മദിന്റെ നിഗമനം. അവിടെനിന്ന് അഹമ്മദ് ഓട്ടോയിൽ രാമനാട്ടുകരയിലെത്തുകയായിരുന്നു. തുടർന്ന് ബസിൽ കയറി കോഴിക്കോട്ട്‌ എത്തിച്ചേർന്നു. കോഴിക്കോട്ടുനിന്ന് ഒരാളുടെ മൊബൈൽഫോൺ വാങ്ങി ബന്ധുവിന്റെ മൊബൈലിലേക്ക് വിളിച്ച് വിവരം അറിയിച്ചു. ബസിൽ വടകരയിലേക്ക് വരുന്നുണ്ടെന്നും വാഹനവുമായി അവിടെ എത്തണമെന്നുമാണ് പറഞ്ഞതെന്ന് ബന്ധുക്കൾ അറിയിച്ചു.

ആദ്യഘട്ടത്തിൽ ഫോൺ സന്ദേശത്തെക്കുറിച്ച് ബന്ധുക്കൾക്ക് സംശയമുണ്ടായിരുന്നു. തുടർന്ന് അവർ വാഹനവുമായി വടകര ബസ്‌സ്റ്റാൻഡ്‌ പരിസരത്തെത്തി അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് അന്വേഷണം വടകരയിലെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചപ്പോഴാണ് കൈനാട്ടിയിൽനിന്ന് അഹമ്മദിനെ കണ്ടെത്തിയത്. അവിടെനിന്ന് കാറിൽ അഹമ്മദിനെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.

ശനിയാഴ്ച പ്രഭാതനമസ്കാരത്തിനുപോകുന്ന വഴിയിലാണ് അഹമ്മദിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. അഹമ്മദ് സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചായിരുന്നു അജ്ഞാതസംഘം കാറിലേക്ക് വലിച്ചുകയറ്റിയത്. വാഹനത്തിൽ കയറ്റിയ ഉടനെ കൈകാലുകളും കണ്ണും കെട്ടിയിട്ടു. അതുകൊണ്ടുതന്നെ തുടർന്നുണ്ടായ കാര്യങ്ങൾ പലതും ഓർമയിൽ വരുന്നില്ലെന്ന് അഹമ്മദ് പറയുന്നു.

പിന്നെ ഒരു മുറിയിലിട്ടടയ്ക്കുകയായിരുന്നു. ഭക്ഷണം നൽകിയ സംഘം ഇടയ്ക്ക് വാട്‌സാപ്പ് വഴി അവർ പറയുന്ന സന്ദേശങ്ങൾ അയക്കാൻ ആവശ്യപ്പെട്ടിരുന്നു. ഖത്തറിലുള്ള ബന്ധുക്കൾക്കാണ് അജ്ഞാതസംഘം വാട്‌സാപ്പ് വഴി സന്ദേശങ്ങൾ അയച്ചത്. ഒരുകോടി രൂപ നൽകിയാൽ അഹമ്മദിനെ വിട്ടയക്കാമെന്ന സന്ദേശമാണ് ആദ്യഘട്ടത്തിൽ പുറത്തുവന്നത്. പണം കൈമാറിയതിനെത്തുടർന്ന് വിട്ടയച്ചതാണെന്ന വിവരമാണ് പുറത്തുവരുന്നത്.

ഖത്തറിൽ അഹമ്മദിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പയ്യോളി സ്വദേശിയാണ് ഇതിനു പിന്നിലെന്നായിരുന്നു അഭ്യൂഹമെങ്കിലും തനിക്ക് ഈ സംഭവവുമായി ബന്ധമില്ലെന്ന് ഇയാൾ പറഞ്ഞു.