ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, വാഹന രജിസ്​ട്രേഷൻ: മുൻഗണനാ ക്രമത്തിൽ മാത്രം; ഫയല്‍ ക്യു മാനേജ്‌മെന്റ് സംവിധാനത്തിന് തുടക്കമായി


തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനും വിലാസം മാറുന്നതിനുമുള്ള അപേക്ഷകള്‍ മുന്‍ഗണനാക്രമത്തില്‍ മാത്രം പരിഗണിക്കാനുള്ള ‘ഫയല്‍ ക്യൂ മാനേജ്‌മെന്റ്’ സംവിധാനം മോട്ടോര്‍ വാഹന വകുപ്പില്‍ നടപ്പാക്കി. ഇടനിലക്കാരുടെ ഇടപെടലോ മറ്റ് സ്വാധീനങ്ങളോ ഇല്ലാതെ ആദ്യം അപേക്ഷിച്ചവര്‍ക്ക് ആദ്യ പരിഗണന എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ആദ്യമെത്തിയ അപേക്ഷ തീര്‍പ്പാക്കിയശേഷമേ ഉദ്യോഗസ്ഥര്‍ക്ക് അടുത്തതിലേക്ക് കടക്കാനാവൂ.

ഒന്നുകില്‍ അനുവദിക്കണം, അല്ലെങ്കില്‍ കാരണം ചൂണ്ടിക്കാട്ടി നിരസിക്കണം, ഇതല്ലാതെ അടുത്ത അപേക്ഷയിലേക്ക് പോകാന്‍ ഉദ്യോഗസ്ഥനാകില്ല. ഒരേസമയം ഒരു അപേക്ഷയേ ഉദ്യോഗസ്ഥന് കാണാനുമാകൂ. അതിനാല്‍ മറ്റ് അപേക്ഷകള്‍ ഉദ്യോഗസ്ഥന് കാണാനുമാകില്ല.

ഏതെങ്കിലും ഉദ്യോഗസ്ഥരുടെ താല്‍പര്യപ്രകാരം അപേക്ഷ അകാരണമായി മാറ്റിവെക്കാനോ, വഴിവിട്ട പരിഗണന നല്‍കാനോ ഇനി കഴിയില്ല. സ്വീകരിച്ച നടപടി അപ്പോള്‍തന്നെ മൊബൈല്‍ ഫോണില്‍ സന്ദേശമായി എത്തുന്നതിനാല്‍ നടപടികള്‍ പൂര്‍ണമായും സുതാര്യമാകുമെന്നാണ് വിലയിരുത്തല്‍. വാഹന രജിസ്‌ട്രേഷനും ഇതേ സംവിധാനം നടപ്പാക്കാന്‍ നിര്‍ദേശിച്ചതായി മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കേരളത്തില്‍നിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റും അടുത്തയാഴ്ച മുതല്‍ ഓണ്‍ലൈനാകും.

ഓണ്‍ലൈനായി ഫീസടച്ചാല്‍ പെര്‍മിറ്റ് ലഭിക്കുംവിധം മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്‌പോസ്റ്റുകളും ഓണ്‍ലൈനാവുകയാണ്. ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നത് വഴി സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്കുവാഹനങ്ങള്‍ക്കും ബസുകള്‍ക്കും ചെക്‌പോസ്റ്റുകളില്‍ മണിക്കൂറുകള്‍ കാത്തുകിടക്കാതെ വേഗം കടന്നുപോകാം. പണമിടപാട് ഒഴിവാകുന്നതിലൂടെ ചെക്‌പോസ്റ്റുകളിലെ ക്രമക്കേടുകള്‍ ഒഴിവാക്കാനാകുമെന്നും മോട്ടോര്‍വാഹന വകുപ്പ് കണക്കുകൂട്ടുന്നു. പെര്‍മിറ്റുകള്‍ എവിടെ വെച്ചും ഓണ്‍ലൈനായി പരിശോധിക്കാനും കഴിയും.