ഡെല്‍റ്റ പ്ലസ് വൈറസിന്റെ സാനിധ്യം; കേരളമുള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം


ന്യൂഡല്‍ഹി: ഡെൽറ്റ പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയ കേരളമുൾപ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകി. ഡെൽറ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള വകഭേദമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കേരളം ,മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്. കേരളത്തിൽ പാലക്കാടും പത്തനംതിട്ടയിലും കൊവിഡിൻറെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിശോധന കൂട്ടി ക്വാറൻറൈൻ കർശനമാക്കി രോഗവ്യാപനം തടയാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടത്.

അതേസമയം കൊവിഡ് പ്രതിരോധിക്കുന്നതിൽ കൊവാക്സീന് 77.8 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് റിപ്പോർട്ട് പുറത്ത് വന്നു. ആദ്യ ഘട്ട പരീക്ഷണത്തിൻറെ വിവരങ്ങൾ പ്രകാരം ഇത് 81 ശതമാനമായിരുന്നു. കൊവാക്സീൻറെ അടിയന്തര അനുമതിക്കുള്ള അപേക്ഷ ലോകാരോഗ്യ സംഘടന നാളെ പ്രാഥമികമായി കേൾക്കാനിരിക്കെയാണ് ഭാരത് ബയോടെക്ക് വിശദാംശങ്ങൾ ഡിസിജിഐക്ക് സമർപ്പിച്ചത്.

പത്തനംതിട്ടയിൽ നാല് വയസുകാരനും പാലക്കാട് രണ്ട് പേർക്കുമാണ് കേരളത്തിൽ ഡെൽറ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും നേരത്തെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.