‘ഡി’ വിഭാഗം പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച കട തുറക്കാം; നിയന്ത്രണങ്ങളില്‍ മാറ്റം, വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ കട തുറക്കാന്‍ അനുമതിയില്ലാത്ത ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാന്‍ അനുമതി നല്‍കും. ഇലക്ട്രോണിക് ഷോപ്പുകള്‍, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ എന്നിവ കാറ്റഗറി എ,ബി വിഭാഗങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം.
വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ആരാധനാലയങ്ങളുടെ ചുമതല ഉള്ളവര്‍ എണ്ണം കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ജാഗ്രത പാലിക്കണം. ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തിരിക്കണം.
എ, ബി വിഭാഗങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ മറ്റ് കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും ഒരു ഡോസ് വാക്‌സിന്‍ എടുത്ത ജീവനക്കാരെ ഉള്‍പ്പെടുത്തി ഹെയര്‍ സ്റ്റൈലിങ്ങിനായി തുറക്കാം. സീരിയല്‍ ഷൂട്ടിങ് പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സിനിമാ ഷൂട്ടിങ്ങിനും അനുമതി നല്‍കും. ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഇവിടെയും പ്രവേശനം ഉണ്ടാവുകയെന്നും കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.